ന്യൂദല്‍ഹി: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സിബിഐക്കു കൈമാറിയ 71 കേസുകളില്‍ ആദ്യത്തേതായാണ് ജെ ഡേയുടെ കൊലപാതകം സിബിഐ ഏറ്റെടുത്തത്. കേസില്‍ സിബിഐ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മിഡ്‌ഡേ പത്രപ്രവര്‍ത്തകനായിരുന്ന ജെ ഡേ 2011 ജൂണ്‍ 11നാണ് വെടിയേറ്റു മരിക്കുന്നത്. മുംബൈയിലെ പൊവായയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ നാലംഗ അക്രമിസംഘം അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തനിക്കെതിരെ എഴുതിയ രണ്ട് ലേഖനങ്ങളില്‍ അസ്വസ്ഥനായ രാജന്‍ ഡേയെ വധിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബൈ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഛോട്ടാ രാജനെ മുഖ്യ പ്രതിയായി പേരു ചേര്‍ത്തിരുന്നു.
















