ന്യൂദല്‍ഹി: പുതിയതായി 2000 സിസിയ്‌ക്കുമുകളിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമുള്ള നിരോധനം തുടരുമെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്‌യുവി ഡീസല്‍ ഉള്‍പ്പടെയുള്ള എല്ലാവാഹനങ്ങളുടേയും രജിസ്‌ട്രേഷന് നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി കഴിഞ്ഞ ഡിസംബര്‍ 16ന് ഉത്തരവിറക്കിയത്. ഇതിനെതിരെ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹേന്ദ്ര, മേഴ്‌സിഡസ് ടൊയോട്ട തുടങ്ങിയ കമ്പിനികളാണ് ഹര്‍ജി നല്‍കിയത്. അഭിഷേക് മനു സിങ്‌വി, കിപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.
ദല്‍ഹി നഗരത്തില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചുവരുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം 2000 സിസിക്കു മുകളില്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയ്‌ക്കും രജിസ്‌ട്രേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ 2005നു മുമ്പ് രജിസ്‌ട്രേഷന്‍ ചെയ്ത കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിനും മാര്‍ച് ഒന്നുമുതല്‍ നിരോധനവും ഏര്‍പ്പെടുത്തി.
















