കേപ് ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ മോശം കാലം ഇരട്ട സെഞ്ചുറിയിലൂടെ ഹാഷിം അംല മറികടന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഹാഷിം അംലയുടെ (201) മികവില്‍ ദക്ഷിണാഫ്രിക്ക തോല്‍വി ഭീഷണി ഒഴിവാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 558 റണ്‍സില്‍. ടെംബ ബാവുമയും (71), അരങ്ങേറ്റക്കാരന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും (38) ക്രീസില്‍. സ്‌കോര്‍: ഇംഗ്ലണ്ട് – 629/6 ഡിക്ല., ദക്ഷിണാഫ്രിക്ക – 558/6.
സെഞ്ചുറിയില്ലാത്ത 13 ടെസ്റ്റുകള്‍ക്കും ഒരു വര്‍ഷത്തിനും ശേഷമാണ് അംല മൂന്നക്കം കടക്കുന്നത്. അതും ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇരട്ട സെഞ്ചുറിയോടെ. 2014 ഡിസംബറില്‍ സെഞ്ചൂറിയനില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് അംല ഇതിനു മുന്‍പ് മൂന്നക്കം തികച്ചത്. അതും ഇരട്ട ശതകമെന്നത് പ്രത്യേകത, 208 റണ്‍സ്. കരിയറിലെ 24ാം സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇന്നലെ കുറിച്ചത്. 777 മിനിറ്റ് ക്രീസില്‍നിന്ന് 477 പന്തുകള്‍ നേരിട്ട് 27 ബൗണ്ടറികളോടെ 201 റണ്‍സിലെത്തി. എ.ബി. ഡിവില്ലേഴ്‌സ് (88), ഹാഫെ ഡ്യുപ്ലെസിസ് (86) എന്നിവരുടെ അര്‍ധശതകങ്ങളും ആതിഥേയരെ തുണച്ചു.
















