കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഹാട്രിക്ക് വിജയം. കഴിഞ്ഞ ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ ടീമുകള്‍ക്കെതിരെ വിജയിച്ച കേരളം ഇന്നലെ ത്രിപുരയെയാണ് തകര്‍ത്തത്. 8 വിക്കറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയക്കുതിപ്പ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച കേരളമാണ് 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. ഇന്ന് കളിയില്ല. നാളെ കേരളം സൗരാഷ്‌ട്രയുമായി ഏറ്റുമുട്ടും.
ഇന്നലെ കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ത്രിപുരയെ കേരളബൗളര്‍മാര്‍ 19.5 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 16.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 113 റണ്‍സെടുത്തു. പുറത്താകാതെ 49 പന്തില്‍ നിന്ന് മൂന്ന് വീതം ഫോറും സിക്‌സറുമടക്കം 56 റണ്‍സെടുത്ത സഞ്ജു സാംസന്റെയും 39 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത രോഹന്‍ പ്രേമിന്റെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്.
മൂന്നു മത്സരങ്ങളില്‍ നിന്ന് 137 റണ്‍സ് നേടിയ രോഹന്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതെത്തി. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സെടുത്ത വി.എ. ജഗദീഷിനെ നഷ്ടപ്പെട്ടശേഷമാണ് സഞ്ജുവും പ്രേമും ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സായപ്പോള്‍ പ്രേമിനെ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (3 നോട്ടൗട്ട്)യെ കൂട്ടുപിടിച്ച് സഞ്ജു കേരളത്തെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ത്രിപുര 15 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയ ബാസില്‍ തമ്പിയുടെയും 26 റണ്‍സിന് രണ്ടെണ്ണം സ്വന്തമാക്കിയ സന്ദീപ് വാര്യരുടെയും കരുത്തിലാണ് 111 റണ്‍സിലൊതുക്കിയത്. 35 റണ്‍സെടുത്ത ഉദിയന്‍ ബോസാണ് ത്രിപുര ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. മണിശങ്കര്‍ മുരാസിങ് (പുറത്താകാതെ 18), സഞ്ജയ് മജുംദാര്‍ (16), റാണ ദത്ത (12), രജത് ഡേ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ത്രിപുര താരങ്ങള്‍.
















