ലണ്ടന്‍: പുതിയ കോച്ച് ഗസ് ഹിഡിങ്കിന് കീഴില്‍ ചെല്‍സിക്ക് ആദ്യ വിജയം. തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹോസെ മൊറീഞ്ഞോക്ക് പകരം ചുമതലയേറ്റ ഗസ് ഹിഡിങ്കിന് കീഴില്‍ കളിക്കാനിറങ്ങിയ ചെല്‍സി എവേ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയാണ് തകര്‍ത്തുവിട്ടത്. ഹിഡിങ്ക് പരിശീലകനായി ചുമയതലയേറ്റശേഷം നടന്ന മൂന്നാം മത്സരത്തിലാണ് ചെല്‍സി വിജയതീരമണിഞ്ഞത്. മറ്റ് രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ചെല്‍സിക്ക് വേണ്ടി ഓസ്‌കര്‍, വില്യന്‍, ഡീഗോ കോസ്റ്റ എന്നിവര്‍ ലക്ഷ്യം കണ്ടു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന ചെല്‍സി 29-ാം മിനിറ്റിലാണ് ലീഡ് നേടിയത്. ഡീഗോ കോസ്റ്റ നല്‍കിയ പാസില്‍ നിന്ന് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ഓസ്‌കര്‍ ക്രിസ്റ്റല്‍ പാലസ് വല കുലുക്കി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. ഇതിനിടെ ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ പലതവണ ചെല്‍സി ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ചെല്‍സി ഗോളി കുര്‍ടോയിസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് 60-ാം മിനിറ്റിലാണ് ചെല്‍സി ലീഡ് ഉയര്‍ത്തിയത്. ഓസ്‌കറിന്റെ പാസില്‍ നിന്ന് വില്യനാണ് ഇത്തവണ ലക്ഷ്യം കണ്ടത്. അഞ്ച് മിനിറ്റിനുശേഷം നീലപ്പട പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ ലക്ഷ്യം കണ്ടത് കളം നിറഞ്ഞുകളിച്ച ഡീഗോ കോസ്റ്റ. വിജയത്തോടെ ചെല്‍സി പുതുവര്‍ഷം ഗംഭീരമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ എട്ടു മത്സരങ്ങള്‍ക്കിടയില്‍ ചെല്‍സിയുടെ ആദ്യ എവേ വിജയമാണിത്.
ജയിത്തോടെ 20 കളികളില്‍ നിന്ന് 23 പോയിന്റുമായി ചെല്‍സി 14-ാം സ്ഥാനത്തേക്ക് എത്തി. 31 പോയിന്റുമായി ക്രിസ്റ്റല്‍ പാലസ് ഏഴാം സ്ഥാനത്തുണ്ട്.
മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ 1-1ന് എവര്‍ട്ടണ്‍ സമനിലയില്‍ തളച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ടോട്ടനമായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് എവര്‍ട്ടണ്‍. കളിയുടെ ഗതിക്കെതിരായി 22-ാം മിനിറ്റില്‍ ആരണ്‍ ലെനന്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡെലെ അല്ലി ഹോട്‌സ്പറിനെ രക്ഷിച്ച് സമനില നേടി.
ഒന്നാം പകുതിക്കുശേഷം എവര്‍ട്ടണ്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിക്കളിച്ചെങ്കിലും മികവുറ്റ പ്രകടനം കൊണ്ട് ഗോളി ഹ്യൂഗോ ലോറിസ് ടോട്ടനമിനെ രക്ഷിക്കുകയായിരുന്നു.
സമനില വഴങ്ങിയെങ്കിലും ടോട്ടനം 20 കളികളില്‍ നിന്ന് 36 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. 27 പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് എവര്‍ട്ടണ്‍.
















