സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ 75 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 എന്ന നിലയിലാണ് വിന്‍ഡീസ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ (23) ദിനേശ് രാംദിനും, ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും (35) ക്രീസില്‍.
മഴ തടസപ്പെടുത്തിയ കളിയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ തുണച്ചത് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ പ്രകടനം. 85 റണ്‍സെടുത്ത ബ്രാത്ത്‌വെയ്റ്റ് ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയതോടെ സ്‌കോര്‍ബോര്‍ഡ് ചലിച്ചു. 174 പന്തില്‍ 10 ഫോറുകളോടെയാണ് ബ്രാത്ത്‌വെയ്റ്റ് 85ലെത്തിയത്. ഡാരന്‍ ബ്രാവൊ (33) ബ്രാത്ത്‌വെയ്റ്റിന് പങ്കാളിയായി. 159 റണ്‍സിന് ആറാം വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ക്ക് രാംദിനും കാര്‍ലോസും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 48 റണ്‍സ് പിടിവള്ളിയായി.
ഓസ്‌ട്രേലിയയ്‌ക്കായി ലെഗ്‌സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡ്, ജയിംസ് പാറ്റിന്‍സണ്‍, സ്റ്റീവ് ഒകീഫെ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















