ഷാര്‍ജ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വന്‍ തോല്‍വി. ആദ്യ രണ്ടു കളികളും ജയിച്ച് അഞ്ചു മത്സര പരമ്പരയില്‍ മുന്നിലെത്തിയ അഫ്ഗാനെ 117 റണ്‍സിനു കീഴടി സിംബാബ്‌വെ തിരിച്ചെത്തി. ഹാമില്‍ട്ടണ്‍ മസ്‌കാഡയുടെ (83) അര്‍ധശതകവും വലംകൈയന്‍ പേസര്‍ ലൂക്ക് ജോങ്‌വെയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് സിംബാബ്‌വെയ്‌ക്ക് വന്‍ ജയം സമ്മാനിച്ചത്.
സ്‌കോര്‍: സിംബാബ്‌വെ – 175 (48.3), 58 (16.1).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെയെ മസ്‌കാഡയും ഓള്‍റൗണ്ടര്‍ ഗ്രെയിം ക്രെമറുമാണ് (58) ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാല് ബാറ്റ്‌സ്മാന്മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ പിന്നീട് രണ്ടക്കം കണ്ടത് റിച്ച്‌മോണ്ട് മുതുംബാംമി (14). 138 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം മസ്‌കാഡ 83 റണ്‍സെടുത്തത്. 75 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെടെ ക്രെമറുടെ പോരാട്ടം. അഫ്ഗാനായി മിര്‍വായിസ് അഷറഫ് മൂന്നു വിക്കറ്റെടുത്തു. അമീര്‍ ഹംസ, ദവ്‌ലത് സദ്രാന്‍ എന്നിവര്‍ രണ്ടു വീതവും, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
5.1 ഓവറില്‍ ആറു റണ്‍ വഴങ്ങിയാണ് ലൂക്ക് ജോങ്‌വെ അഞ്ച് ഇരകളെ കണ്ടെത്തിയത്. നെവില്ലെ മെഡ്‌സിവെ മൂന്നും, തെന്ദായി ചിസൊറൊ രണ്ടും വിക്കറ്റെടുത്തു. ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദ് (31) മാത്രമാണ് അഫ്ഗാനായി പൊരുതിയത്.
















