മണിമല: ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മണിമല ബസ്‌സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ചെറുവള്ളി താമരശ്ശേരില്‍ ജയകുമാറി(34)ന് മര്‍ദ്ദനമേറ്റു. മരണവീട്ടില്‍ പോയി തിരികെവരവേ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആര്‍ച്ച് സ്ഥാപിക്കുന്നവരുമായി സംസാരിച്ചുകൊണ്ടിരിക്കെ മര്‍ദ്ദനമേറ്റതായാണ് പരാതി.
തലയ്‌ക്ക് വടികൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം സിമന്റ് കട്ടയ്‌ക്ക് ഇടിക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോഡ്രൈവറെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തലയുടെ പലഭാഗത്തായി ആഴത്തില്‍ മുറിവേറ്റ ഇയാളുടെ നില ഗുരുതരമാണ്. പതിനഞ്ചിലേറെ തുന്നലുകള്‍ തലയിലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ കരിക്കാട്ടൂര്‍ കൊന്നക്കുളം അനില്‍കുമാറി(33)നെ പോലീസ് അറസ്റ്റുചെയ്തു. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ജയകുമാറുമായി മുമ്പ് അടിപിടിയുണ്ടാക്കിയവരേക്കുറിച്ചും സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















