ശ്രീകണ്ഠാപുരം: ഏതൊരാഘോഷത്തിനും സ്വന്തം തൊടിയില്‍നിന്ന് പൂക്കള്‍ പറിച്ച ഒരുകാലം മലയാളികള്‍ക്കുണ്ടായിരുന്നു. മുറ്റത്തെന്നും പൂക്കളും ചിത്രശലഭങ്ങളും നിറഞ്ഞുനിന്ന കാലം. അങ്ങനെയൊരു കാഴ്ച കാണണമെന്ന ആഗ്രഹം മനസ്സിലുള്ളപ്പോഴും ഇന്റര്‍ലോക്ക് ചെയ്ത മുറ്റം നോക്കി ഗൃഹാതുരത്വം അയവിറക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂരിലെ കല്ലാവീട്ടീല്‍ യശോദയുടെ വീട്ടുമുറ്റം പതിവുവഴികളില്‍ നിന്ന് വ്യത്യസ്തമാണ്. 35 ഇനം നാട്ടുപൂക്കളുടെ സൗന്ദര്യമാണ് ഈ വീട്ടുമുറ്റത്ത് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. മഞ്ഞക്കോളാമ്പി, നീലക്കോളാമ്പി, കാശിത്തുമ്പ, ശംഖുപുഷ്പം, കൃഷ്ണപ്പൂ, ജടച്ചെമ്പരത്തി, പറങ്കിച്ചെമ്പരത്തി, വെള്ളച്ചെമ്പരത്തി തുടങ്ങി വിവിധതരം ചെമ്പരത്തികള്‍, വാഴപ്പൂവ്, സൂര്യകാന്തി, വാടാര്‍മല്ലിക എന്നിങ്ങനെ മലയാളത്തിന്റെ പഴയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്ന വിവിധതരം പൂക്കളാണ് മുറ്റത്തും പുരയിടത്തുമായി പുഞ്ചിരിപൊഴിക്കുന്നത്. 70 സെന്റ് പുരയിടത്തില്‍ 20 സെന്റ് സ്ഥലമാണ് നാടന്‍പൂക്കളുടെ കൃഷിക്കായി മാറ്റിവെച്ചിരിക്കുന്നത്.
2009 മുതലാണ് യശോദ പൂക്കള്‍ കൃഷിചെയ്തു തുടങ്ങിയത്. ആ വര്‍ഷത്തെ ഓണക്കാലത്ത് പൂക്കളമിടാനായി അധികവില കൊടുത്ത് ഗുണനിലവാരമില്ലാത്ത പൂക്കള്‍ വാങ്ങേണ്ടിവന്ന അനുഭവത്തില്‍ നിന്നായിരുന്നു തുടക്കം. വീട്ടുമുറ്റങ്ങള്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം മാറാന്‍ തുടങ്ങിയതോടെ അന്യംനിന്നു തുടങ്ങിയ നാട്ടുപൂക്കളെ പലയിടങ്ങളില്‍ നിന്നായി തേടിപ്പിടിച്ചാണ് പൂന്തോട്ടമൊരുക്കിയത്. ഇപ്പോള്‍ മരംകൊത്തി, മഞ്ഞക്കിളി, ചെമ്പോത്ത്, അടക്കാക്കിളി, മുട്ടക്കിളി എന്നിങ്ങനെയുള്ള പക്ഷികളും പൂന്തോട്ടത്തിലെ നിത്യ സന്ദര്‍ശകരായി.
ഇപ്പോള്‍ യശോദയുടെ പൂന്തോട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിദ്യാര്‍ത്ഥികളും നാട്ടുകാരുമൊക്കെ തോട്ടം കാണാനും ചെടികളുടെ വിത്തുകള്‍ ശേഖരിക്കാനും ഒക്കെയായി എത്തുന്നുണ്ട്. കര്‍ഷകനായിരുന്ന ഭര്‍ത്താവ് ഗോവിന്ദന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. മകന്‍ സുനില്‍ വിദേശത്തും മകള്‍ റീന ഭര്‍ത്താവിനൊപ്പം പെരളശ്ശേരിയിലുമാണ്. മണ്ണിന്റെ മണം പുതുതലമുറയ്‌ക്ക് അന്യമാകുന്നതില്‍ പരിഭവിക്കുമ്പോഴും ഇനി വരുന്ന ഓണക്കാലങ്ങളില്‍ നാടിന് മായമില്ലാത്ത പൂക്കളൊരുക്കിക്കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ യശോദ.
















