റിയാദ്: ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന 47 പേരെ സൗദി അറേബ്യ ഒറ്റദിവസം കൊണ്ട് തൂക്കിലേറ്റി. ഷിയ പുരോഹിതന്‍ നിമ്ര് അല്‍ നിമ്ര്, അല്‍ഖ്വയ്ദ ഭീകരന്‍ ഫാരിസ് അല്‍ സാഹ്‌റാനി എന്നിവര്‍ ഉള്‍പ്പടെയുള്ളരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി ഔദ്യോഗിക വാര്‍ത്താചാനല്‍ വഴിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നതാണ് നിമ്രിനെതിരെയുള്ള കുറ്റം. ഷിയാ പുരോഹിതനായ നിമ്രിനെ വധിച്ചാല്‍ സൗദി വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് നിമ്രിനെ 2012ലാണ് അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി നിമ്രിനെ വധശിക്ഷയ്‌ക്കു വിധിച്ചു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബറില്‍ നിമ്ര് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി.
















