തിരുവനന്തപുരം: സാഫ് കപ്പ് ഫൈനലില്‍ കളിക്കുന്ന അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമല്ലെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. മികച്ച എതിരാളികള്‍ തന്നെയാണ് അവര്‍. എന്നാല്‍ തോല്‍പിക്കാന്‍ കഴിയാത്ത ടീമാണ് അഫ്ഗാനെന്ന് കരുതുന്നില്ല. സ്വന്തം നാട്ടില്‍ കളിക്കുന്നത് അനുകൂലഘടകമാണ്. കളിയുടെ എല്ലാമേഖലകളിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഗെയിം പ്ലാനായിരിക്കും ഒരുക്കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടീമിന് യാതൊരു ദൗര്‍ബല്യവുമില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ളവര്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. യുവകളിക്കാരുടെ പ്രകടനം പ്രതീക്ഷക്കൊത്തതാണ്. അഫ്ഗാന്റെ ശക്തിയെ വിലകുറച്ച് കാണാതെ സമ്മര്‍ദങ്ങളില്ലാതെ കളിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അനുഭവസമ്പത്തും യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളും അഫ്ഗാന്റെ പ്ലസ്‌പോയിന്റുകളാണ്. സുനില്‍ഛേത്രിയുടെ കീഴില്‍ യുവരക്തങ്ങള്‍ മുന്നില്‍ നിന്ന് കലാശപോരാട്ടത്തില്‍ പടനയിക്കുമെന്നാണ് കോണ്‍സ്റ്റന്റൈന്‍ നല്‍കുന്ന സൂചന. ലാലിയന്‍ സുവാല ഛാങ്‌തേ, കൗഷിക് സര്‍ക്കാര്‍ ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. ജെജെ ലാല്‍പെഖുലേ, ലിംഗ്‌ദോ, നാരായണണ്‍ ദാസ് എന്നിവര്‍ മികവ് ആവര്‍ത്തിച്ചാല്‍ അഫ്ഗാനെ അടിതെറ്റിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പും ആരാധകരും.
അഫ്ഗാന്‍ ജനതയ്‌ക്കായി കളത്തില്‍ 90 മിനുട്ടും പൊരുതുമെന്ന കോച്ച് പീറ്റര്‍ സെഗാര്‍ട്ടും ക്യാപ്റ്റന്‍ ഫൈസല്‍ ഷയസ്‌തെയും പറഞ്ഞു. കരുത്തരായ എതിരാളികളാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ കളിക്കുന്നു എന്ന ആനുകൂല്യവും ഇന്ത്യന്‍ ടീമിനുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്ക് കളികുറവായതും കടുത്ത എതിരാളികള്‍ ഇല്ലാഞ്ഞതും അവരുടെ താരങ്ങളുടെ ശാരീരികക്ഷമത നിലനിര്‍ത്താന്‍ സഹായാകരമായിട്ടുണ്ട്. താരങ്ങളില്‍ ചിലര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ മുഴുവന്‍ അഫ്ഗാന്‍ ജനതയും ടീമിനൊപ്പമുണ്ട്. അവര്‍ക്കായി ഫൈനല്‍ ജയിക്കുകയാണ് ലക്ഷ്യം. അവസാന നിമിഷം വരെ പൊരുതും. ടീമിലെ എല്ലാവരും മികച്ച ഫോമിലാണെന്നും സെഗാര്‍ട് പറഞ്ഞു.
















