നെല്‍സണ്‍: ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് വൈകിയാണ് കളി ആരംഭിച്ചത്. ഇതോടെ 24 ഓവറാക്കി കളി ചുരുക്കുകയും ചെയ്തു.
ആദ്യ ഓവര്‍ മുതല്‍ തന്നെ ആക്രമിച്ച് കളി തുടങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് ഓവറില്‍ നിന്ന് 37 റണ്‍സ് നേടി. എന്നാല്‍ നാലാം ഓവറില്‍ ടോം ലാഥവും (9), അഞ്ചാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും (27), ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെയും നഷ്ടമായത് സ്‌കോറിങ്ങിന്റെ വേഗം തെല്ല് കുറച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്‍ഡ് ഒന്‍പത് ഓവറില്‍ മൂന്നിന് 75 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. മഴ നിര്‍ത്താതെ പെയ്തതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ന്യൂസിലന്‍ഡ് മുന്നിലാണ്. അവസാന മത്സരം ജയിച്ചാല്‍ കിവീസിനു പരമ്പര സ്വന്തമാക്കാം. തോറ്റാലും ന്യൂസിലാന്‍ഡിന് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പായി. അതേസമയം പരമ്പര സമനിലയിലാക്കാന്‍ ലങ്കയ്‌ക്ക് അവസാന മത്സരത്തില്‍ വിജയിച്ചേ മതിയാകൂ. അവസാന ഏകദിനം അഞ്ചിന് മൗണ്ട് മൗണ്ട് മൗഗ്‌നയില്‍ നടക്കും.
















