ഒളിമ്പിക്‌സും യൂറോ കപ്പും സാഫ് ഗെയിംസും ട്വന്റി 20 ലോകകപ്പും ഉള്‍പ്പെടെ ഏറെ ലോകോത്തര മേളകള്‍ക്കാണ് 2016 സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ഗെയിംസ് ഫെബ്രുവരി 5 മുതല്‍ ആരംഭിക്കും. ഗുവാഹത്തിയിലും ഷില്ലോങിലുമായി 16 വരെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍. തൊട്ടുപിന്നാലെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ലോക കുട്ടിക്രിക്കറ്റ് മാമാങ്കം അരങ്ങേറുന്നത്. ഏഴ് നഗരങ്ങളിലായാണ് പോരാട്ടം അരങ്ങേറുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഫൈനലും നടക്കും. ഇന്ത്യയുള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്നത്. ആകെ 35 മത്സരങ്ങള്‍. മാര്‍ച്ച് 15ന് ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തോടെ സൂപ്പര്‍ പത്ത് പോരാട്ടങ്ങള്‍ ആരംഭിക്കും.
എട്ട് മുതല്‍ 13 വരെ യോഗ്യതാ മത്സരങ്ങള്‍ നടക്കും. പുരുഷ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയും ഈ വര്‍ഷം അരങ്ങേറും. അര്‍ജന്റീനയാണ് വേദി. ജൂണില്‍ യൂറോ 2016-ന് ഫ്രാന്‍സില്‍ കൊടിയുയരും. ജൂണ്‍ 10ന് ഫ്രാന്‍സും റുമാനിയയും തമ്മില്‍ ഉദ്ഘാടന മത്സരം. ഒരു മാസം നീണ്ടുനില്‍ക്കുന്ന യൂറോപ്പിലെ കാല്‍പ്പന്തുകളി മാമാങ്കത്തിന് ജൂലൈ 10ന് കൊടിയിറങ്ങും. 24 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ആഗസ്റ്റിലാണ് ഒളിമ്പിക്‌സ് മഹാമേളക്ക് തുടക്കം കുറിക്കുക. അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആരംഭിക്കുന്ന ലോക മാമാങ്കത്തിന് 21ന് കൊടിയിറങ്ങും. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് തെക്കേ അമേരിക്കന്‍ രാജ്യം ആതിഥേയത്വം വഹിക്കുന്നത്. 141 രാജ്യങ്ങളില്‍ നിന്നായി 10,500ലേറെ താരങ്ങളാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക. 28 ഇനങ്ങളിലായി 306 മത്സരയിനങ്ങളാണ് ഒളിമ്പിക്‌സില്‍ അരങ്ങേറുക. സെപ്തംബര്‍ 7 മുതല്‍ 18 വരെ നടക്കുന്ന പാരാലിമ്പിക്‌സിനും റിയോ വേദിയാകും. ഇതിന് മുന്‍പായി മാര്‍ച്ച് 17 മുതല്‍ 20 വരെ ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗോണ്‍ വേദിയാകും.
















