മുഹമ്മ: പുതുവര്‍ഷ ദിനാഘോഷത്തിന്റെ മറവില്‍ മണ്ണഞ്ചേരിയിലും മുഹമ്മയിലും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും രണ്ടു ബസുകളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മണ്ണഞ്ചേരി തമ്പകച്ചുവട് മദീനാമന്‍സിലില്‍ നൗഫലിന്റെ ഓട്ടോറിക്ഷയാണ് തീയിട്ടത്. നൗഫലിന്റെ വീടിനു നേരെയും കല്ലേറുണ്ടായി.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഒട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഉടനെ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ ഓട്ടോ ഭാഗികമായെ കത്തിനശിച്ചുള്ളു. നൗഫലിന്റെ മകന്‍ ഷംനാദ് ഡ്രൈവറായി ജോലി നോക്കുന്ന നൈനാസ് ബസിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് അടിച്ചുതകര്‍ത്തത്. മണ്ണഞ്ചേരി പോസ്റ്റോഫീസിന് എതിര്‍ വശം റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ഇരു സംഭവങ്ങളും നടന്നത്.
മുഹമ്മ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്തെ ഗ്ലാസുകളും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
ചേര്‍ത്തലയില്‍ നിന്നും രാത്രി 10.30 ഓടെ പുറപ്പെടുന്ന ബസ് മുഹമ്മയിലാണ് സ്റ്റേ ചെയ്യുന്നത്. വിവിധ ഭാഗങ്ങളിലേയ്‌ക്ക് തീവണ്ടി മാര്‍ഗ്ഗം ജോലിയ്‌ക്ക് പോകുന്നവര്‍ ഈ ബസിനെ ആശ്രയിച്ചാണ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നത്.എന്നാല്‍ ഇന്നലെ ഇവര്‍ക്ക് ജോലിയ്‌ക്ക് പോകാനായില്ല.
കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ അക്രമണത്തില്‍ മുഹമ്മ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബേബി വട്ടച്ചിറ,സെക്രട്ടറി വി എന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കായല്‍ തീരങ്ങളിലെ ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീടുകള്‍ക്ക് സമീപം മദ്യവും മയക്കുമരുന്നുമായി പുതുവര്‍ഷം ആഘോഷിച്ച യുവാക്കള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിതകര്‍ത്തു. റോഡരികിലും മറ്റും കൃഷി ചെയ്തിരുന്ന നിരവധി പേരുടെ കുലയ്‌ക്കാറായ നേന്ത്രവാഴകളടക്കം വെട്ടി നശിപ്പിച്ചു.
കായിപ്പുറം ഭാഗത്ത് റിസോര്‍ട്ടിന്റെയും റെസ്റ്റോറന്റുകളുടെയും ബോര്‍ഡുകള്‍ കേടുവരുത്തി. മുഹമ്മയ്‌ക്കും പുത്തനങ്ങാടിയ്‌ക്കും മദ്ധ്യേ റോഡില്‍ സംഹാര താണ്ഡവമാടിയ യുവാക്കള്‍ നേരം പുലരാറായപ്പോഴാണ് സ്ഥലം കാലിയാക്കിയതെന്ന് പ്രദേശ വാസികള്‍ പരാതിപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മ പോലീസ് മുപ്പതും മണ്ണഞ്ചേരി പോലീസ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.
















