തളിപ്പറമ്പ്: യുവതിയെയും കുഞ്ഞിനെയും ആസിഡൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതിയെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കാന്‍ പരിയാരം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ പിടിയിലായ പ്രതി ജെയിംസ് ആന്റണി ഇപ്പോള്‍ റിമാന്റിലാണ്. കഴിഞ്ഞ ക്രിസ്തുമസ് ദിവസത്തിന്റെ തലേന്ന് പാതിരാകുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേയാണ് എമ്പേറ്റിലെ റിംസിക്കും മകനും നേരെ ആസിഡ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുപുഴ സ്വദേശി ജെയിംസിനെ രണ്ടു ദിവസത്തിനുള്ളില്‍ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാരമായി പരിക്കേറ്റ യുവതിയും കുഞ്ഞും മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്താക്ലോസിന്റെ വേഷം ധരിച്ചാണ് ജെയിംസ് അക്രമം നടത്തിയത്. രക്ഷപ്പെടുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച വേഷങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയുടെ മീശ, താടി, മുടി, കണ്‍പീലി, വിയര്‍പ്പ് തുടങ്ങിയവ ഡോക്ടര്‍മാരുടെ സഹായത്തോടെ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. പരിയാരം എസ്‌ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കസ്റ്റഡിയില്‍ കിട്ടിയാല്‍ സംഭവസ്ഥലത്തും ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും തെളിവ് ശേഖരണത്തിനായി പ്രതിയെ കൊണ്ടുപോകും. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ ഹരജി പരിഗണിക്കവേ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
















