കോളിളക്കമുണ്ടാക്കിയ മൂന്നാറിലെ പെണ്‍തൊഴിലാളികളുടെ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കലാപമാകാതിരിക്കാന്‍ വി. രതീശന്‍ ജാഗ്രത പുലര്‍ത്തിയത് മറക്കാനാവില്ല. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ്പള്ളി പണിയാന്‍ തുനിഞ്ഞപ്പോഴും കളക്ടര്‍ നിയമം മുറുകെപ്പിടിച്ചു
സംഗീത് രവീന്ദ്രന്‍
ഇടുക്കി: ഒരു വര്‍ഷത്തോളം ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ച് തൃശൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ വി. രതീശന്‍ വിവാദങ്ങളില്‍പെടാതെയാണ് പടിയിറങ്ങുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നപ്പോഴോക്കെ നിയമത്തിന്റെ വഴി കൃത്യമായി അദ്ദേഹം പാലിച്ചിട്ടുണ്ട്. ഏത് വ്യക്തിക്കും ഏത് സമയത്തും അദ്ദേഹത്തെ വിളിച്ച് പരാതി പറയാനുള്ള അവസരമുണ്ടായിരുന്നു. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍ പിന്നീട് വിളിച്ചയാളെ തിരികെ വിളിക്കാനുള്ള മാന്യത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളം ഉറ്റുനോക്കിയ മൂന്നാര്‍ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കടക്കാതെ പരിഹരിച്ച് വിജയിച്ചതില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കുണ്ട്. ആവശ്യ സന്ദര്‍ഭങ്ങളിലൊക്കെ മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ച നടത്താനും അദ്ദേഹം എത്തിയിരുന്നു. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശുപള്ളി പണിയാന്‍ പള്ളിക്കാര്‍ രംഗത്ത് വന്നപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള ധൈര്യം ഇദ്ദേഹം കാണിച്ചു. ഇ എസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവരും ഭരണപക്ഷത്തെ ഉന്നതരും സമ്മര്‍ദ്ദം ചെലുത്തിയിട്ടും നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന നിലപാടാണ് വി.രതീശന്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റി
ഉത്തരവ് വരെ ഇറങ്ങി. സ്ഥലം മാറ്റം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉടത്തരവ് തിരുത്തി വി. രതീശനെ ഇടുക്കിയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. തൊടുപുഴയില്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ ന്യൂമാന്‍ കോളേജില്‍ നിര്‍മ്മിച്ച ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നീക്കം നടത്തിയപ്പോഴും നിയമ വഴിയാണ് കളക്ടര്‍ സ്വീകരിച്ചത്. ഭരണ സംവിധാനത്തെ വെല്ലുവിളിച്ച് സഭാ നേതൃത്വം രംഗത്തെത്തിയപ്പോള്‍ പോലീസിനോട് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. മംഗളാദേവി ക്ഷേത്രത്തില്‍ ലഭിച്ച കാണിക്ക പണം അന്നത്തെ എഡിഎമ്മായിരുന്ന മോഹനന്‍പിള്ള ചാക്കില്‍കെട്ടി കടത്തിയ സംഭവത്തിലും കളക്ടര്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. എ.ഡിഎമ്മിന്റെ നിലപാട് തെറ്റാണെന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങളിലും പട്ടയ വിതരണത്തിലും ഇടപെട്ട കളക്ടര്‍ ഇടുക്കിയുടെ മുതല്‍ക്കൂട്ടായിരുന്നു.
















