വെള്ളിത്തിരയിലെ കുഞ്ഞുതാരം കലോത്സവവേദിയിലും തിളങ്ങി. പൊയില്‍ക്കാവ് യുപി സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയായ നിള നൗഷാദ് ആണ് നാടകവേദിയില്‍ തിളങ്ങിയത്. യുപി വിഭാഗം മലയാളനാടകത്തില്‍ മികച്ച നടിയായി നിള നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടു.
കച്ചറപ്പൂതം എന്ന നാടകത്തിലെ ചിന്നമ്മു എന്ന കഥാപാത്രത്തെയാണ് നിള അവതരിപ്പിച്ചത്. എന്ന് നിന്റെ മൊയ്തീന്‍, സൈഗാള്‍ പാടുകയാണ്, ബെന്‍, മൈ ഗോഡ് തുടങ്ങിയ സിനിമകളില്‍ നിള വേഷമിട്ടിട്ടുണ്ട്. ചാനലുകളിലെ റിയാലിറ്റിഷോകളിലും തിളങ്ങി. അഭിനയമെന്നാല്‍ നിളക്ക് വീട്ടുകാര്യം കൂടിയാണ്. നാടകരംഗത്തുള്ളവരാണ് അച്ഛന്‍ നൗഷാദ് ഇബ്രാഹിമും അമ്മ ജയ നൗഷാദും. ഇരുവര്‍ക്കും കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അച്ഛന്‍ നൗഷാദ് തന്നെയാണ് കച്ചറപ്പൂതം എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. കഴിഞ്ഞ ദിവസം നടന്ന മോണോആക്ട് മത്സരത്തില്‍ നിളക്ക് രണ്ടാംസ്ഥാനമുണ്ട്. പൂക്കാട് സ്വദേശിയായ നിള നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്.
















