കലോത്സവം നടക്കുന്നത് കൊയിലാണ്ടിയില്‍, കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നാട്ടില്‍. ഗുരുവാകട്ടെ നൂറാം വയസ്സിലും കഥകളി രംഗത്ത് സജീവം. എങ്കില്‍ ഈ കലോത്സവം ഗുരുവിനുള്ള സമര്‍പ്പണമാകട്ടെ. ഈ ചിന്തയാണ് കലോത്സവ ലോഗോ ഡിസൈന്‍ ചെയ്യുമ്പോള്‍ പാലോറ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകന്‍ സതീഷ് കുമാറിന് ഉണ്ടായിരുന്നത്. സംഘാടകര്‍ പി.സതീഷ്‌കുമാറിന്റെ ലോഗോ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.
കൈകൂപ്പി നില്‍ക്കുന്ന ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ രൂപം ലോഗോയില്‍ നിറഞ്ഞുനില്‍ക്കുന്നു. ലോഗോയില്‍ കാണിച്ചിരിക്കുന്ന അഞ്ചു നിറങ്ങള്‍ കലോത്സവം നടക്കുന്ന അഞ്ചുദിനങ്ങളെയും സൂചിപ്പിക്കുന്നു. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കലാകാരനെ ലോഗോയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സതീഷ്‌കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഈ വര്‍ഷത്തെ ജില്ലാ ശാസ്ത്രമേള, ജില്ലാ കായികമേള, സംസ്ഥാന സ്‌കൂള്‍ കായികമേള എന്നിവയ്‌ക്കെല്ലാം തെരഞ്ഞെടുക്കപ്പെട്ടത് സതീഷ്‌കുമാര്‍ ഡിസൈന്‍ ചെയ്ത ലോഗോ യാണ്. ജില്ലാ- സംസ്ഥാന കലോത്സവങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് സതീഷ് കുമാര്‍ ഡിസൈന്‍ ചെയ്ത ലോഗോകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
















