ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവസരം ലെയ്‌സെസ്റ്റര്‍ സിറ്റിക്ക് നഷ്ടം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് സ്വന്തം തട്ടകത്തില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് ലെയ്‌സെസ്റ്ററിനു തിരിച്ചടിയായത്.
19 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്‌സണലിനും ലെയ്‌സെസ്റ്ററിനും 39 പോയിന്റ് വീതമെങ്കിലും ഗോള്‍ശരാശരിയില്‍ ആഴ്‌സണല്‍ ഒന്നാമത്. സമനില മാഞ്ചസ്റ്റര്‍ സിറ്റിയെ 36 പോയിന്റുമായി മൂന്നാമതെത്തിച്ചു. 35 പോയിന്റുള്ള ടോട്ടനം നാലാമത്.
കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോടേറ്റ തോല്‍വിയില്‍നിന്ന് മുക്തി നേടിയ പ്രകടനമാണ് ലെയ്‌സെസ്റ്റര്‍ നടത്തിയതെങ്കിലും ജയത്തിലേക്കു മുന്നേറാനായില്ല. മറുവശത്ത് സിറ്റിയും തകര്‍പ്പന്‍ പ്രകടനം നടത്തി. ഇരു ടീമുകളും ആക്രമണോത്സുകമായി കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശകരം. പോസ്റ്റിനു കീഴില്‍ സിറ്റിയുടെ ജോ ഹാര്‍ട്ടിനും ലെയ്‌സെസ്റ്ററിന്റെ കാസ്പര്‍ ഷ്‌മെയ്‌ക്കലിനും പിടിപ്പതുപണി.
സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയൊ അഗ്വെയ്‌റോയും ലെയ്‌സെസ്റ്ററിന്റെ ജെയ്‌മി വാര്‍ഡിയും ഗോളെന്നുറച്ച അവസരങ്ങള്‍ തുലച്ചതും വിധി നിര്‍ണയിച്ചു. 62ാം മിനിറ്റില്‍ അഗ്വെയ്‌റോയെ പരിശീലകന്‍ പിന്‍വലിച്ചു.
















