മട്ടാഞ്ചേരി: കാല്‍പ്പന്തിന്റെ ബാലപാഠങ്ങള്‍ കൊച്ചിയിലെ കുട്ടിക്കൂട്ടങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് മൂവര്‍ സംഘം ഫോര്‍ട്ടുകൊച്ചിയിലെത്തി. കാര്‍ണിവല്‍ ആഘോഷ ലഹരിയിലായ പൈതൃക നഗരിയിലെ പരേഡ് മൈതാനിയിലാണ് പരിശീലനം. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ പരിശീലകരായ ജോണി റോ, ഓല്ലി കെല്ലി, ജോണ ഹോപ്സ്സ് എന്നിവരാണ് ഫോര്‍ട്ടുകൊച്ചുയിലെത്തിയത്. ‘ന്യൂകാസിലിലെ ഈ പരിശീലകര്‍ ഒരാഴ്ചക്കാലം കൊച്ചിയിലെ അറുപതിലധികം കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
യുഎഫ്എയിലെ അംഗീകൃത പരിശീലകരായ ഇവര്‍ ഫുട്‌ബോളിന്റെ വ്യാപനത്തിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ മുതിര്‍ന്ന പരിശീലകന്‍ പോള്‍ മെല്‍ ജനില്‍ നിന്നാണ് കൊച്ചിയിലെ റുഫസ്സ് ഡിസൂസ്സ നയിക്കുന്ന സന്റോസ് ക്ലബ് നടത്തുന്ന കുട്ടിക്കൂട്ടങ്ങളുടെ ഫുട്‌ബോള്‍ പരിശീലന ക്കളരിയെ കുറിച്ചറിഞ്ഞത്.
കൊച്ചിയിലെ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ നാല്‍പ്പതിലധികം ഫുട്‌ബോളുകള്‍, ജഴ്‌സി, ഷോര്‍ട്‌സ്, യൂണിഫോം തുടങ്ങിയവയും ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്പിലെ അവധിക്കാലത്ത് ലോകത്തെ ഇതര രാജ്യങ്ങളിലെത്തി ഫുട്‌ബോള്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇവര്‍ ഇനി സിഡ്‌നിയിലേക്കാണ് പോകുക.
കൊച്ചിയിലെ കുട്ടികള്‍ക്ക് കളിയിലെ കമ്പം കണ്ട് അമ്പരന്ന യുഎഫ്എ പരിശീലകര്‍ ഏറെ വാചാലരായി. മൂന്ന് വയസ്സുള്ള ഒമര്‍ മുതല്‍ 16 വയസ്സുകാരന്‍ വരെയുള്ള കുട്ടിക്കൂട്ടം ഏറെ പ്രതീക്ഷയിലാണ്. അടുത്ത വേനലവധി വേളയില്‍ വീണ്ടും കൊച്ചിയിലെത്തുമെന്ന് ജോണി റോ പറഞ്ഞു. അച്ചടക്കവും ഏറെ താത്പര്യവും തിരിച്ചറിവുമുള്ള കൊച്ചിയിലെ കുട്ടികള്‍ തന്നെ ആശ്ചര്യപ്പെടുത്തിയതായി പരിശീലകന്‍ ഓല്ല കെല്ലി പറഞ്ഞു. കൊച്ചിയിലെ കുട്ടിക്കളിക്കാരുടെ ഭാഗ്യമാണ് ഇംഗ്ലണ്ട് പരിശീലകരുടെ സാന്നിധ്യമെന്ന് സാന്റോസിലെ റുഫസ്സ് ഡിസൂസ പറഞ്ഞു.
















