കണ്ണൂര്‍: പാമ്പുരുത്തി ദ്വീപ് സംരക്ഷിക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് നിലവിലുളളതിനാല്‍ ദ്വീപിന് ചുറ്റും മണല്‍ വാരുന്നത് നിരോധിച്ചു. ഇതിനടുത്ത് സ്ഥിതിചെയ്യുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിലെ കമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് എന്നിവിടങ്ങളിലും മണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തും. ഇതിന് പകരം ഗ്രാമപഞ്ചായത്തുകള്‍ ദ്വീപില്‍ നിന്നും 500 മീറ്റര്‍ മാറി സ്ഥലം നിര്‍ദ്ദേശിച്ചാല്‍ പുതിയ കടവ് പ്രവര്‍ത്തിപ്പിക്കും. ദ്വീപിന് 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദൂരം അളന്ന് തിട്ടപ്പെടുത്താന്‍ കണ്ണൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ തുക റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും അനുവദിക്കും.
വളപട്ടണം പുഴയിലെ പറശ്ശിനിക്കടവ് പാലം മുതല്‍ വളപട്ടണം പാലം വരെയുളള മറ്റ് കടവുകളില്‍ ജനുവരി 4 മുതല്‍ മണല്‍ വാരല്‍ ആരംഭിക്കും. കാക്കതുരുത്തി, പാറക്കല്‍, കല്ലൂരി, വളളുവന്‍കടവ്, കമ്പില്‍ക്കടവ്, തുണ്ടിയില്‍, നണിച്ചേരി, കീലത്ത് കടവ്, പന്നിയങ്കണ്ടി എന്നിവിടങ്ങളില്‍ നിന്നും വാരുന്ന മണല്‍ ഈ മണല്‍ സംവിധാനം വഴി വിതരണം ചെയ്യും.
















