വൈക്കം: അമിതവേഗതയില്‍ പാഞ്ഞ ടിപ്പറിന്റെ പുറകുഭാഗത്തെ ഷട്ടര്‍ ഇളകി മെറ്റല്‍ ചീളുകള്‍ റോഡില്‍ പതിച്ചു. ഇന്നലെ രാവിലെ തണ്ണീര്‍മുക്കം റോഡിലെ കലുങ്കിനുസമീപമുള്ള ഇറക്കത്തിലാണ് അപകടം. മെറ്റല്‍ ചീളുകള്‍ പതിച്ചിട്ടും ടിപ്പര്‍ നിര്‍ത്താതെ പോയി. ഈ സമയം റോഡിലൂടെയെത്തിയ ബൈക്ക് മറിഞ്ഞ് എറണാകുളം ചെല്ലാനം തെക്കേക്കുളത്തില്‍ ചാക്കോയുടെ മകന്‍ ഈശപ്പന്‍ (60) മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ചെല്ലാനം സ്വദേശി സെബാസ്റ്റ്യന്‍ പരുക്കുകളോടെ രക്ഷപെട്ടു. ആറിലധികം ബൈക്കുകളാണ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഈശപ്പന്റെ മരണം അപകടത്തിലൂടെയാണോ സംഭവിച്ചത് എന്നതിനെക്കുറിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. വെച്ചൂര്‍ സ്വദേശിയായ യുവാവിന് അപകടത്തില്‍ സാരമായ പരിക്കേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി. ഒന്‍പത് മണിക്ക് തുടങ്ങിയ ശുചീകരണജോലികള്‍ അര മണിക്കൂറോളം നീണ്ടുനിന്നു. സംഭവത്തെ തുടര്‍ന്ന് 20 മിനുട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
















