ലണ്ടന്‍: തിരിച്ചടികളില്‍നിന്ന് മുക്തമായിട്ടില്ലെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക വേഷം ഉപേക്ഷിക്കാന്‍ തത്കാലം ലൂയി വാന്‍ഗാലിന് പദ്ധതിയില്ല. കഴിഞ്ഞ ദിവസം ചെല്‍സിയോട് സമനിലയില്‍ കുരുങ്ങേണ്ടി വന്നെങ്കിലും പരിശീലക സ്ഥാനത്തുനിന്ന് മാറില്ലെന്ന് വാന്‍ഗാല്‍ പറഞ്ഞു. ചെല്‍സിയോട് ജയിക്കാനായില്ലെങ്കില്‍ രാജിവയ്‌ക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഡച്ച് പരിശീകന്റെ നിലപാട്.
രാജിയെക്കുറിച്ച് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ല. അത് എന്റെ നിയന്ത്രണത്തിലുമല്ല. കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് എനിക്കു ചെയ്യാനുള്ളത്. അവര്‍ നന്നായി പൊരുതുന്നു. മികച്ച പ്രകടനം നടത്തുന്നു. ടീമിന്റെ ഡയറക്ടര്‍ ബോര്‍ഡിലും കളിക്കാരിലും വിശ്വാസമുണ്ട്. ചെല്‍സിക്കെതിരെ യുണൈറ്റഡിന് രണ്ടു തവണ റഫറി പെനാല്‍റ്റി നിഷേധിച്ചു. രണ്ട് ഗോളവസരം പോസ്റ്റിലിടിച്ച് പാഴായി- വാന്‍ ഗാല്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച സ്റ്റോക്ക് സിറ്റിയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റതാണ് വാന്‍ഗാലി ന്റെ തലയ്‌ക്കായി ആരാധാകരെയും ബ്രിട്ടീഷ് മാധ്യമങ്ങളെയും രംഗത്തിറക്കിയത്. ചെല്‍സി പുറത്താക്കിയ ഹോസെ മൗറീഞ്ഞോയെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരാധകര്‍ ഗ്യാലറയില്‍ ബാനറും ഉയര്‍ത്തി. ഇതോടെയാണ് ചെല്‍സിക്കെതിരെയുള്ള മത്സരം ശ്രദ്ധേയമായത്.
















