ജോ റൂട്ടിനെ പുറത്താക്കിയ കെയ്ല്‍ അബോട്ടിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
ഡർബൻ: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിൽ വിജയിക്കാൻ 416 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി ക്രീസിലുള്ള എ.ബി. ഡിവില്ലിയേഴ്‌സിലും എട്ട് റൺസെടുത്ത ഡുപ്ലെസിസിലുമാണ് ഇനി ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ മുഴുവൻ.
ഏഴ് വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് ജയിക്കാൻ വേണ്ടത് 302 റൺസുകൂടി. ഡീൻ എൽഗാർ (40), വാൻ സീൽ (33), ക്യാപ്റ്റൻ ഹാഷിം ആംല (12) എന്നിവരാണ് പുറത്തായത്. ഫിൻ രണ്ടും സ്‌റ്റോക്ക്‌സ് ഒരു വിക്കറ്റും വീഴ്‌ത്തി.
ഇന്നലെ 172ന് മൂന്ന് എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 326 റൺസിന് പുറത്തായി. 79 റൺസെടുത്ത ബെയർസ്‌റ്റോവിന്റെയും 73 റൺസെടുത്ത ജോ റൂട്ടിന്റെയും മികച്ച ബാറ്റിങാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ നട്ടെല്ലായത്. ഇവർക്ക് പുറമെ കോംപ്ടൺ 49ഉം ടെയ്‌ലർ 42ഉം റൺസെടുത്തു. ആദ്യ ഇന്നിങ്‌സിൽ പൂജ്യനായി മടങ്ങിയ ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് രണ്ടാം ഇന്നിങ്‌സിൽ 7 റൺസിന് മടങ്ങി. 153 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പെയ്ഡറ്റ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ മികച്ചുനിന്നു. വാൻ സീൽ മൂന്നു വിക്കറ്റും വീഴ്‌ത്തി.
തുടർന്ന് 416 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആതിഥേയർക്ക് ഓപ്പണർമാരായ എൽഗാറും വാൻസീലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ സ്‌കോർബോർഡിൽ 53 റൺസായപ്പോൾ വാൻസീലിനെ സ്‌റ്റോക്ക്‌സ് വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കി. പിന്നീട് എൽഗാർ ആംലയെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 85-ൽ എത്തിയപ്പോൾ എൽഗാറിനെ ഫിന്നിന്റെ പന്തിൽ റൂട്ട് പിടികൂടി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ആംലയെയും ഫിൻ മടക്കി.
















