മെല്‍ബണ്‍: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് കൂറ്റന്‍ ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ മൂന്നിന് 551 റണ്‍സിനെതിരെ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 271 റണ്‍സിന് പുറത്തായി. ഇതോടെ 280 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കംഗാരുക്കള്‍ക്ക് സ്വന്തം. തുടര്‍ന്ന് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാനയക്കാതെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിട്ടുണ്ട്.
70 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 18 റണ്‍സുമായി മിച്ചല്‍ മാര്‍ഷും ക്രീസില്‍. ഏഴ് വിക്കറ്റുകളും രണ്ട് ദിവസവും കയ്യിലിരിക്കെ കംഗാരുക്കള്‍ക്ക് 459 റണ്‍സിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സെടുത്ത ബേണ്‍സിന്റെയും 17 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 56 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്.
ഇന്നലെ 6ന് 91 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച വിന്‍ഡീസ് അവസാന നാല് വിക്കറ്റുകളില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 81 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ബ്രാവോക്ക് മികച്ച പിന്തുണ നല്‍കി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് 59 റണ്‍സ് നേടി. ഏഴാം വിക്കറ്റില്‍ ബ്രാവോയും ബ്രാത്ത്‌വെയ്റ്റും ചേര്‍ന്ന് 90 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് വന്‍ തകര്‍ച്ചയില്‍ നിന്നും വിന്‍ഡീസ് രക്ഷപ്പെട്ടത്.
പിന്നീട് വാലറ്റക്കാരായ കെമര്‍ റോച്ച് (22), ജെറോം ടെയ്‌ലര്‍ (15) എന്നിവരും ബ്രാവോക്ക് ഭേദപ്പെട്ട പിന്തുണ നല്‍കി. സ്‌കോര്‍ 271-ല്‍ നില്‍ക്കേ 204 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളോടെ 81 റണ്‍സെടുത്ത ബ്രാവോ മടങ്ങിയതോടെ വിന്‍ഡീസ് ഇന്നിങ്‌സിന് തിരശ്ശീല വീഴുകയും ചെയ്തു. 11 റണ്‍സെടുത്ത ജോമല്‍ വാരികാന്‍ പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീതം പിഴുത പാറ്റിന്‍സണും നഥാന്‍ ലിയോണുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. പീറ്റര്‍ സിഡില്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
















