ബാഗ്ദാദ്: ഏറെനാളായി ഐസിസ് ഭീകരര്‍ കൈയ്യടക്കി വച്ചിരുന്ന റമാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം ഈ നേട്ടം കൈവരിച്ചത്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് റമാദി നഗരം.
നാല് വര്‍ഷമായി റമാദി നഗരം ഐസിസ് ഭീകരരുടെ പിടിയിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍, അമേരിയ്‌ക്കന്‍ സൈന്യം പിന്‍മാറിയതിന് ശേഷം. അന്ന് മുതല്‍ റമാദിയുടെ ആധിപത്യത്തിനായി ഐസിസ് യുദ്ധം തുടങ്ങിയിരുന്നു. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന ഇറാഖി സൈന്യത്തിന് അന്ന് കാര്യമായ പ്രതിരോധം സൃഷ്ടിയ്‌ക്കാനായില്ല.
റമാദി കീഴടക്കിയ ഐസിസ് അവിടെയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അതിക്രൂരമായ വധശിക്ഷയ്‌ക്ക് വിധേയരാക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുകളില്‍ ഐസിസ് പതാക് ഉയര്‍ത്തുകയും ചെയ്തിരുന്നു. 2014 ആയപ്പോള്‍ റമാദി പൂര്‍ണമായും ഐസിസിന്റെ കൈയ്യിലായി. എന്നാല്‍ പിന്നീട് സൈന്യം അതിശക്തമായ തിരിച്ചടിയാണ് നടത്തിയത്.
രണ്ട് മാസം മുമ്പാണ് ഇറാഖി സൈന്യം റമാദി നഗരത്തെ പൂര്‍ണമായും വളഞ്ഞത്. പിന്നീട് ഭീകരരെ തെരഞ്ഞുപിടിച്ച് ഉന്‍മൂലനം ചെയ്യുകയായിരുന്നു. റമാദി നഗരം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സൈനിക വക്താവ് പറഞ്ഞു. സുന്നി അറബികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് റമാദി.
















