കുമരകം: പുതിയതട്ടിപ്പുമായി അന്യസംസ്ഥാനക്കാര്‍ കുമരകത്ത് വ്യാപകം. മൈസൂറില്‍നിന്നെത്തിയവരാണ് തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രകൃതി ആദിവാസി ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പേരിലുള്ള രസീതുബുക്കുമായാണിവര്‍ വീടുകളിലെത്തി അനധികൃത പണപ്പിരിവുനടത്തുന്നത്. വീട്ടിലെ പുരുഷന്മാര്‍ ജോലിക്കുപോകുന്ന അവസരങ്ങള്‍ തിരഞ്ഞെടുത്ത് സ്ത്രീകളുടെ സഹതാപം നേടിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. യാദൃശ്ചികമായി പുരുഷന്മാരുള്ള അവസരത്തില്‍ വീടുകളില്‍ ചെന്നുപെടുമ്പോള്‍ രസീതുകുറ്റി സംബന്ധമായി വീട്ടുകാര്‍ ചോദ്യമുന്നയിക്കുകയോ പിരിവില്‍ സംശയമുന്നയിക്കുകയോ ചെയ്താല്‍ ഇവര്‍ തന്ത്രപൂര്‍വ്വം അവിടെനിന്നും അപ്രത്യക്ഷമാകും. ഇത്തരം വ്യാജ അന്യസംസ്ഥാന പിരുവുകാര്‍ക്കെതിരെ വീട്ടുകാര്‍ ജാഗരൂഗരാകുന്നതിനൊപ്പം പോലീസ് അധികാരികളും ഇവരെ നിരീക്ഷണ പരിധിയില്‍ കൊണ്ടുവരേണ്ടതാണ്. അന്യസംസ്ഥാനക്കാരില്‍നിന്നും കേരളത്തില്‍ അരങ്ങേറുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരം പിരിവു തട്ടിപ്പുകാരായ അന്യസംസ്ഥാനക്കാരില്‍ പോലീസിന്റെ കണ്ണുണ്ടാകണമെന്നാണ്‌നാട്ടുകാരുടെ ആവശ്യം.
















