പറവൂര്‍: ദേവസ്വം ഭരണത്തെസംബന്ധിച്ച് വി.ഡി.സതീശന്‍ എംഎല്‍എയുമായുള്ള പരസ്യ സംവാദത്തിന് അദ്ദേഹത്തിന്റെ സമയമനുസരിച്ച് വേദിയൊരുക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അറിയിച്ചു. ക്ഷേത്രഭരണത്തെക്കുറിച്ചും ക്ഷേത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എടുക്കുന്നതിനെക്കുറിച്ചും ക്ഷേത്രസ്വത്തിനെക്കുറിച്ചുമാണ് ഹിന്ദുഐക്യവേദി സതീശനെ പരസ്യസംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിന് സതീശന്‍ തയ്യാറാണെന്ന് അറിയിച്ചത് സ്വാഗതാര്‍ഹമാണെന്നും ബാബു പറഞ്ഞു. തിരുവിതാംകൂറിലെയും കൊച്ചിയിലേയും ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തെറ്റായ പ്രചരണമാണ് സതീശന്‍ നടത്തുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം വകമാറ്റി ചിലവഴിച്ചതിന്റെ രേഖ സഹിതമാണ് ഹിന്ദുസംഘടനകള്‍ പുറത്തുവിട്ടത്.
സര്‍ക്കാര്‍ ഖജനാവിലേക്ക് ഒരു രൂപ പോലും എടുക്കുന്നല്ലായെന്ന് വീമ്പ് പറഞ്ഞ സതീശന്‍ ഇപ്പോള്‍ പുതിയ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് പരിഹാസ്യമാണ്. മതേതര സര്‍ക്കാര്‍ ഹിന്ദുക്ഷേത്രങ്ങള്‍മാത്രം കൈവശം വെച്ചിരിക്കുന്നതിന്റെ യുക്തി സതീശന്‍ വ്യക്തമാക്കണം. ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം അവര്‍ക്കുള്ളതുപോലെ ഹിന്ദുക്കള്‍ക്കും നല്‍കണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
















