കണ്ണൂര്‍: ആഗോളതാപനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമാണ് ഭാരതമെന്നും ലോകതലത്തില്‍ അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതാകുന്ന അവസ്ഥയാണ് വരാനിരിക്കുന്നതെന്നും പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ അധ്യാപകനുമായ ബി.ചക്രപാണി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതാപനം ശാസ്ത്രപ്രവചനത്തില്‍നിന്ന് നിത്യജീവിത സന്ദര്‍ഭങ്ങളായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമുദ്രവിതാനം ഉയരുന്നതിന്റെ തിക്തഫലം ഇന്ത്യയിലെ 25 ശതമാനം ജനതയെ നേരിട്ട് ബാധിക്കും. ഇന്ത്യയിലെ 6 ലക്ഷം ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 5 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടമാകുമത്രെ. തീരദേശം കൂടുതലുള്ള കേരളത്തെയും ആഗോളതാപനം ഗുരുതരമായി ബാധിക്കും. കായലുകളിലെ ലവണത വര്‍ദ്ധിക്കുകയും മത്സ്യസമ്പത്തിന് നാശമുണ്ടാകുകയും ചെയ്യും. കാലാവസ്ഥാമാറ്റം ഡങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
പാരീസില്‍ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍സര്‍ജനം കുറക്കുന്നതു സംബന്ധിച്ച് ലോകരാഷ്‌ട്രങ്ങള്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. ആഗോളതാപനം യാഥാര്‍ത്ഥ്യമാണെന്ന് വികസിത രാഷ്‌ട്രങ്ങള്‍ അംഗീകരിച്ചത് പാരീസ് കണ്‍വെന്‍ഷന്റെ വിജയമാണ്. കണ്‍വന്‍ഷനില്‍ അംഗീകരിക്കപ്പെടുന്ന ധാരണകള്‍ പാലിക്കുന്നത് ഓരോ രാജ്യത്തിന്റേയും നിയമപരമായ ബാധ്യതയായി മാറണം. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ ഉല്‍സര്‍ജനം കുറക്കാന്‍ തയ്യാറാകണം. ഓരോ രാജ്യവും ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പാരീസ് കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കാന്‍ ഐഎന്‍ഡിസി തയ്യാറാക്കിയിട്ടുണ്ട്. ഇതു പാലിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകുമോ എന്നതാണ് പാരീസ് ഉച്ചകോടിയുടെ ബാക്കിപത്രമാകുക. അന്തരീക്ഷത്തില് കുമിഞ്ഞുകൂടിയിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തത് അമേരിക്കയാണ്. എന്നിട്ടും കാര്യമായ അളവില്‍ ഹരിതഗൃഹ വാതക ഉല്‍സര്‍ജനം കുറക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതും പ്രധാനമാണ്. ആഗോളതാപനം തടയുന്നതിന് വ്യക്തിപരമായ ഇടപെടലുകളും ആവശ്യമാണ്. ഊര്ജ ഉപഭോഗത്തില്‍ മിതത്വം പാലിക്കുകയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും വേണം. പ്രാദേശിക ഇടപെടല്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖലാ മുന്‍ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരന്‍ സംസാരിച്ചു. പരിഷത്ത് ഏറ്റെടുത്തു നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു. ജില്ലാ പ്രസിഡന്റ് കെ.വിനോദ്കുമാര്‍, എം.ദിവാകരന്‍, കെ.കെ.രവി, എം.വിജയകുമാര്‍, കെ.ആര്‍.ആര്‍.വര്‍മ, കെ.വി.മനോജ്, പി.പി.ബാബു സംസാരിച്ചു.
















