തൊടുപുഴ: നടുക്കണ്ടം നിവാസികളുടെ കുടിവെള്ളം മുട്ടിയിട്ട് ഒരുമാസം പിന്നിടുന്നു. ജനങ്ങള്‍ ദുരിതത്തില്‍. പണം നല്‍കിയാണ് നാട്ടുകാര്‍ ഇവിടെ വെള്ളം വാങ്ങുന്നത്. 1500 ലിറ്റര്‍ വെള്ളം വീട്ടിലെത്തുക്കുവാന്‍ 400 രൂപയാണ് ചിലവ്. രണ്ടു ദിവസം കൂടുമ്പോള്‍ ഇത്തരത്തില്‍ വെള്ളം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. വാര്‍ഡ് കൗണ്‍സിലര്‍ ഇടപ്പെട്ട് എത്രയും വേഗം വെള്ളം എത്തിക്കുമെന്ന് നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയെങ്കിലും നടപ്പായിട്ടില്ല. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ പൊട്ടിയതാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ചത്. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിന് അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ഇവര്‍ പറയുന്നു. പ്രദേശത്തുകൂടി കടന്നു പോകുന്ന പൈപ്പ് ലൈനില്‍ നിരവധിയിടങ്ങളിലാണ് പൊട്ടലുള്ളത്. ഒരിടത്ത് നന്നാക്കുമ്പോള്‍ മറ്റ് മൂന്നിടങ്ങളില്‍ മര്‍ദ്ദം മൂലം പൈപ്പ് പൊട്ടുന്നതായി അധികൃതര്‍ തന്നെ തുറന്നു സമ്മതിക്കുന്നു. ഈ പ്രദേശത്തെ വാട്ടര്‍അതോറിറ്റിയുടെ റിപ്പയറിംങ് ചുമതല കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചിരിക്കുന്നതാണെന്നും ഇവരുടെ കാര്യക്ഷമതയില്ലായ്‌മയാണ് പണി ദീര്‍ഘിക്കാന്‍ കാരണമെന്നാണ് അറിവ്. പൊന്‍കുന്നം-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായിയാണ് നടുക്കണ്ടത്തെ പൈപ്പുകള്‍ തകര്‍ന്നത്. റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളമെത്തുന്നില്ല. വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ പരസ്പരമുള്ള പഴിചാരല്‍ അവസാനിപ്പിച്ച് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. റോഡിലൂടെ ഒഴുകുന്ന വെള്ളം തങ്ങളുടെ വീട്ടില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ ഓരോ വീട്ടമ്മമാരും.
















