ചടയമംഗലം: കുരിയോട് ഇലിപ്പാംപണ ഹരിജന്‍ കോളനിയില്‍ ഇലിപ്പാംപണവീട്ടില്‍ സരസമ്മ (68) മരണപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുസെന്റും വീടും മാത്രമുള്ള സരസമ്മയുടെ മൃതദേഹം മറവുചെയ്യുവാന്‍ കഴിയാതെ ബന്ധുക്കളും പഞ്ചായത്ത് ജനപ്രതിനിധികളും നിസ്സഹയരായി നോക്കിനിന്നപ്പോള്‍ മഞ്ചേഷ്‌കുമാര്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു. സ്വന്തം വീട്ടുപുരയിടത്തിന്റെ ഒരുഭാഗം അതിനുവേണ്ടി വിട്ടുനല്‍കിയ മഞ്ചേഷ് ഭാരതീയ ജനതാപാര്‍ട്ടിയുടെ ചടയമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് കൂടിയാണ്.
ഇതേകോളനിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലഡ് കാന്‍സര്‍ ബാധിച്ച് മരിച്ച സേതുനാഥ് എന്ന 14 വയസുള്ള വിദ്യാര്‍ത്ഥിയെ അവരുടെ വീടിന്റെ ബേസ്‌മെന്റിനോട് ചേര്‍ന്ന് സംസ്‌കരിക്കുകയും തൊട്ടടുത്ത ദിവസംതന്നെ മരണമടഞ്ഞ ശാന്ത എന്ന യുവതിയെ വെറും മൂന്നു സെന്റ് മാത്രം വരുന്ന പുരയിടത്തില്‍ സ്വന്തം വീടിനും കിണറിനും ഇടയില്‍ സംസ്‌കരിക്കുകയും ചെയ്തത് കണ്ടുനിന്ന മഞ്ചേഷ്‌കുമാര്‍ പുരയിടത്തിനോട് ചേര്‍ന്ന് മൃതദേഹം മറവുചെയ്യുവാന്‍ കഴിയാതെനിന്ന കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു.
ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ഏകദേശം പത്തോളം വലുതും ചെറുതുമായ കോളനികളും മൂന്ന് ലക്ഷംവീടുകോളനികളും അതുപോലെ രണ്ട്‌സെന്റിലും മൂന്നുസെന്റിലും താമസിക്കുന്ന അനേകം കുടുംബങ്ങളും വര്‍ഷങ്ങളായി ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സ്വന്തമായി കൊല്ലത്തോ തിരുവനന്തപുരത്തോ കൊണ്ടുപോയി സംസ്‌കരിക്കുവാന്‍ കഴിവില്ലാത്തവര്‍ നാട്ടുകാരുടേയും പഞ്ചായത്ത് അധികൃതരുടേയും കനിവിനും സഹായത്തിനുംവേണ്ടി കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. ഇവര്‍ക്കുവേണ്ടി ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ഒരു പൊതുസ്മശാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചടയമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മഞ്ചേഷ്‌കുമാര്‍ അറിയിച്ചു.
















