ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് സമനില. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെയര്‍ ലെവര്‍കൂസനോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ജേതാക്കളായി ബാഴ്സ പ്രീ ക്വാര്‍ട്ടറിലെത്തി. ജയത്തോടെ ബയേണ്‍ മ്യൂണിച്ച്, ചെല്‍സി, ആഴ്സണല്‍ ടീമുകളും മുന്നേറി. അതേസമയം, മുന്‍ ചാമ്പ്യന്‍ വലന്‍സിയ, ഫ്രഞ്ച് കരുത്തര്‍ ഒളിംപിക് ലിയോണ്‍ എന്നിവര്‍ പുറത്ത്. ഇവരില്‍ വലന്‍സിയയ്ക്ക് യുറോപ്പ ലീഗില്‍ കളിക്കാം.
ഗ്രൂപ്പ് ഇയില്‍ മുന്നിലെത്തിയ ശേഷമാണ് ലെവര്‍കൂസനോട് ബാഴ്സലോണ സമനിലയില്‍ കുരുങ്ങിയത്. 20ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാരെ മൂന്നു മിനിറ്റിനു ശേഷം ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒപ്പം പിടിച്ചു ലെവര്കൂസന്. പിന്നീട് ജര്‍മന്‍ ടീമിന്റെ പ്രതിരോധം ഭേദിക്കാനായില്ല ബാഴ്സയ്ക്ക്. 14 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമത് ബാഴ്സലോണ. ആറു പോയിന്റുള്ള റോമ രണ്ടാം സ്ഥാനക്കാരായി മുന്നേറി. ലെവര്‍കൂസനും ആറ് പോയിന്റെങ്കിലും, ഗോള്‍ ശരാശരി റോമയെ തുണച്ചു. അവസാന മത്സരത്തില്‍ ബെയ്റ്റിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി റോമ.
ഗ്രൂപ്പ് എഫില്‍ ഡൈനാമോ സാഗ്രെബിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബയേണ്‍. മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടിയ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് ബയേണിന് മിന്നും ജയമൊരുക്കിയത്. 61, 64 മിനിറ്റുകളിലായിരുന്നു ഗോള്‍. 15 പോയിന്റുണ്ട് ബയേണിന്. ഒമ്പത് പോയിന്റുമായി ആഴ്സണല്‍ രണ്ടാംസ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഒളിംപ്യക്കോസ് പിറൂസിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തിയാണ് ആഴ്സണല്‍ നോക്കൗട്ട് ഉറപ്പിച്ചത്. ഒളിംപ്യക്കോസിനും ഒമ്പത് പോയിന്റെങ്കിലും ഗോള്‍ ശരാശരി ആഴ്സണലിനെ തുണച്ചു. മുന്നേറാന്‍ സമനില പോലും മതിയായിരുന്ന ഒളിംപ്യക്കോസിന് സ്വന്തം തട്ടകത്തില്‍ പിഴച്ചു. ഒലിവര്‍ ഗിറൗഡിന്റെ ഹാട്രിക്കിനു മുന്നില്‍ നിരായുധരായി ഒളിംപ്യക്കോസ്. ഗ്രീക്ക് ടീമിന് ഇനി യുറോപ്പയില്‍ പന്തു തട്ടാം.
ഗ്രൂപ്പ് ജിയില്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് എഫ്സി പോര്‍ട്ടോയെ തുരത്തി ഒന്നാം സ്ഥാനക്കാരായാണ് ചെല്‍സി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മത്സരത്തിനു മുന്‍പ് ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ്. ജയത്തോടെ 13 പോയിന്റുമായി ചെല്‍സി മുന്നേറി. മറ്റൊരു കളിയില്‍ മകാബി ടെല്‍ അവീവിനെ മടക്കമില്ലാത്ത ഒരു ഗോളിന് തുരത്തി ഡൈനാമോ കീവ് രണ്ടാമതായി പ്രീ ക്വാര്‍ട്ടറിലെത്തി. 11 പോയിന്റുണ്ട് കീവിന്. പോര്‍ട്ടോയ്ക്ക് ഇനി യുറോപ്പ ലീഗില്‍ കളിക്കാം. പോര്‍ട്ടോയ്ക്കെതിരെ 12ാം മിനിറ്റില്‍ മര്കാനോയുടെ സെല്‍ഫ് ഗോളില്‍ മുന്നില്‍ക്കടന്ന ചെല്‍സിക്കായി 52ാം മിനിറ്റില്‍ വില്യന് രണ്ടാം ഗോള്‍ നേടി.
ഗ്രൂപ്പ് എച്ചില് അവസാന കളിയില്‍ ഗെന്റിനോട് തോറ്റെങ്കിലും സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഒന്നാമന്മാരായി മുന്നേറി. ജയം 10 പോയിന്റ് സമ്മാനിച്ച ഗെന്റ് രണ്ടാമതായും നോക്കൗട്ടില്‍. ആദ്യമായാണ് ഒരു ബെല്‍ജിയം ടീം ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടക്കുന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗെന്റിന്റെ ജയം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒളിംപിക് ലിയോണ്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് വലന്‍സിയയെ വീഴ്ത്തി. സെനിതിനെ ഗെന്റ് തോല്‍പ്പിച്ചതോടെ ജയം പോലും വലന്‍സിയയെ തുണയ്ക്കുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: