ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടി ആസ്തി തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരായ കോടതിയുടെ കുരുക്ക് മുറുകുന്നു. വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിശക്തമായ നിരീക്ഷണങ്ങളാണ് സോണിയയ്‌ക്കും രാഹുലിനുമെതിരെ ഹൈക്കോടതി നടത്തിയത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ ആസ്തികള്‍ സോണിയയ്‌ക്കും രാഹുലിനും ഭൂരിഭാഗം ഷെയറുകളുള്ള യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. സുതാര്യമായല്ല ഇടപാട് നടന്നിരിക്കുന്നത്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിക്കാരനാ ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദങ്ങള്‍ ശരിയാണെന്നും ഹൈക്കോടതി ജഡ്ജി സുനില്‍ ഗോറിന്റെ 27 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
അസോസിയേറ്റ് ജേര്‍ണലിന്റെ ആസ്തി കോണ്‍ഗ്രസിലെ പ്രധാനികളുടെ ഉടമസ്ഥതയിലുള്ള യങ്ഇന്ത്യ ഏറ്റെടുത്തതില്‍ ക്രമിനല്‍ ഉദ്യേശമുണ്ടെന്നും ഹൈക്കോടതി പറയുന്നു. തുടക്കത്തില്‍ തന്നെ കേസില്‍ വഞ്ചന നടന്നിട്ടുണ്ടെന്നോ മറ്റോ കൃത്യമായി പറയുന്നില്ല. എന്നാല്‍ ആരോപിതരെ വിളിച്ചുവരുത്തേണ്ടതില്ലെന്ന ആവശ്യം അംഗീകരിക്കാനാവില്ല. എന്നാല്‍ കുറ്റാരോപിതരെ വിളിച്ചുവരുത്താനാവശ്യമായ കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യക്തമാണ്.
രണ്ടായിരം കോടി രൂപയുടെ ആസ്തിയുള്ള അസോസിയേറ്റ് ജേര്‍ണലിന് വളരെ അനായാസമായി കടബാധ്യതയായ 90 കോടി രൂപ സമാഹരിക്കാമെന്നിരിക്കെ എന്തിനാണഅ ബാധ്യതകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഏറ്റെടുത്തത്. എന്തിനാണ് അസോസിയേറ്റ് ജേര്‍ണലിനെ യങ് ഇന്ത്യയെന്ന കമ്പനി ഏറ്റെടുത്തത്. പത്രത്തിന്റെ ബാധ്യത എഴുതിത്തള്ളിയ കോണ്‍ഗ്രസിന്റെ നടപടിയും സംശയകരമാണ്. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ അവയെ നിസാരവല്‍ക്കരിച്ച് ഒഴിവാക്കാനാവില്ല. കോണ്‍ഗസ് പാര്‍ട്ടി യങ് ഇന്ത്യയ്‌ക്ക് നല്‍കിയ 50ലക്ഷവും സംശയകരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് കൈകാര്യം ചെയ്തതില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെയെന്നും കോടതി ചോദിക്കുന്നു.
കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹികളാണ് യങ് ഇന്ത്യയെന്ന കമ്പനിയുടെ ഉടമകളെന്നും വ്യക്തമാണ്. പാര്‍ട്ടി ഫണ്ട് യങ് ഇന്ത്യയെന്ന കമ്പനി മറ്റൊരു സ്ഥാപനം വാങ്ങുന്നതിനായി ഉപയോഗിച്ചതു തന്നെ ക്രിമിനല്‍ കുറ്റമാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടന്നിരിക്കുന്നതെല്ലാം ക്രിമിനല്‍ കുറ്റക്യത്യത്തിന്റെ മണമുള്ളതാണെന്നും ഹൈക്കോടതി ജഡ്ജി സുനില്‍ ഗോറിന്റെ വിധിന്യായത്തില്‍ പറയുന്നു.
















