മുണ്ടക്കയം: പുലിയുടെ കാല്‍പാടുകള്‍, ഭീതി വിട്ടുമാറാതെ പശ്ചിമ ഗ്രാമം. മുണ്ടക്കയത്തിനടുത്തു പശ്ചിമ, പിണക്കാട്ട് മോഹന്റെ വീടിന് മുന്‍ ഭാഗത്തെ മുറ്റത്താണ് പുലിയുടെ കാല്‍ പാടുകള്‍ കണ്ടത്.
രാവിലെ നടക്കാനിറങ്ങിയ മോഹന്‍ വീടിന്റെ മുന്‍ഭാഗത്തെ വിളക്കു തെളിയിച്ചപ്പോഴാണ് മുറ്റത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടത്. മുറ്റത്ത് കണ്ടെത്തിയ കാല്‍പാട് പിന്തുടര്‍ന്നപ്പോളാണ് സമീപത്തെ റോഡിന്റെ മറുഭാഗത്ത് റബര്‍ തോട്ടത്തോട് ചേര്‍ന്നുള്ള ചെറുതിട്ട ചാടികയറിയ നിലയിലും കാല്‍ പാടുകള്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെയും വനപാലകരെയും വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ സമീപ പ്രദേശങ്ങളില്‍ പരിശോധിച്ചപ്പോള്‍ അയല്‍വാസിയായ കറുപ്പള്ളിയില്‍ തൗഫീക്കിന്റെ വിടിന്റെ മുറ്റത്ത് പാടുകള്‍ കണ്ടു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പശ്ചിമ തേക്ക് പ്ലാന്റേഷനില്‍ നിന്നുമാകാം പുലിയെത്തിയതെന്ന് സംശയിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മേഖലയില്‍ പെരു പാമ്പിനെയും, മയിലിനെയും കണ്ടിരുന്നു. വനപാലകരെത്തി പരിശോധന നടത്തി.
















