റെജി ദിവാകരന്
കുമരകം: കുമരകത്തിന്റെ മുതമുത്തച്ഛന് വയസ് 104 കഴിഞ്ഞു. കുമരകത്ത് ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ഖ്യാതി ഉമ്മാച്ചേരി കുടുംബാംഗമായ ഒ.ജെ.ഫിലിപ്പെന്ന ഇള്ളപ്പന് സ്വന്തം. യൗവ്വനത്തില്‍ ഫുട്ബോളിലും വോളിബോളിലും സെന്‍ട്രല്‍ സ്റ്റേറ്റ് ലവലില്‍ ടീം ക്യാപ്റ്റനായി തിളങ്ങിയിരുന്ന ഇള്ളപ്പന് 104ലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. 95 കാരിയായ ഭാര്യ ഗ്രേസി വിമോചന സമര പോരാളിയായിരുന്നു. മകള്‍ ഓസ്ട്രേലിയയിലാണ്. മകന് പഠനത്തിലെ അമിത ശുഷ്കാന്തിമൂലം മാനസിക വൈകല്യത്തിലാണ്. ഇത് മാത്രമാണ് അദ്ദേഹത്തെ വേദനിപ്പിക്കുന്നത്.
സൂര്യതാപം പടിഞ്ഞാറ് താഴ്ന്ന് തണലാകുമ്പോള്‍ ബോട്ടുജെട്ടിക്കടുത്തുള്ള റോഡരികിലെ വീടിന് മുന്നില്‍ സ്ഥിരമായി ഇട്ടിരിക്കുന്ന കസേരയില്‍ നിരത്തിലൂടെ ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളെയും തലമുറകളുടെ വ്യത്യസ്ഥതയുമൊക്കെ കണ്ട് ഇരുട്ടും വെളിച്ചവും വേര്‍പിരിയും വരെ ഇരിക്കും. പിന്നെ വീടിന്റെ ഏകാന്തതയിലേക്കും. ഈ പതിവിനിടയില്‍ പഴമയെ അറിയാനാഗ്രഹിക്കുന്നവര്‍ ഈ മുതുമുത്തച്ഛനോട് സംസാരിക്കും. ഇദ്ദേഹത്തിന് ഇപ്പോഴും പറയാനുള്ളത് കുമരകത്ത് പുലിയിറങ്ങിയ കഥയാണ്.
കുമരകത്ത് വന്യജീവികളായി ഒരു കാലത്ത് മുതലയും ചീങ്കണ്ണിയുമൊക്കെ ധാരാളമുണ്ടായിരുന്നു. എന്നാല്‍ പുലിവന്ന കഥ അനുഭവസ്ഥനില്‍ നിന്നും കേള്‍ക്കാന്‍ ഇന്നും പുതുതലമുറയ്ക്ക് താല്‍പ്പര്യം. കുമരകത്ത് ഏറ്റവും കൂടുതല്‍ ദുരിതവും നാശവുമുണ്ടാക്കിയ പ്രളയമായിരുന്നു 1924ലെ വെള്ളപ്പൊക്കം. മലയാളമാസം 1099ലെ ആ പ്രളയത്തിന്റെ ഭയാനകത, അതനുഭവിച്ച പഴയതലമുറയ്ക്ക് ഇന്നും ഭീതിയോടെയല്ലാതെ ആ ദിനങ്ങള്‍ ഓര്‍ക്കാനും കഴിയില്ല. 99ലെ കെടുതിയില്‍ കുമരകം നിവാസികള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടു.
കിഴക്കന്‍മല നിരകളില്‍ നാശംവിതച്ച ഉരുള്‍പൊട്ടലിന്റെ കുത്തൊഴുക്കില്‍ വന്‍ മരങ്ങള്‍ കടപുഴകി ഒഴുകി കുമരകം വഴി വേമ്പനാട്ടുകായലിലും അവിടെ നിന്ന് കടലിലും പതിച്ചു. ആ മരങ്ങളില്‍ ഒന്നില്‍ പ്രാണരക്ഷാര്‍ത്ഥം ഒരു പുലിയും അള്ളിപ്പിടിച്ചു കിടന്നിരുന്നു. ആ മരം കുമരകത്തെത്തിയപ്പോള്‍ ഒരു ചിറയിലേക്ക് പുലിചാടിയിറങ്ങി. ആ പുലി ചെന്നുപെട്ടത് കുമരകത്തെ ശാസ്താംകാവ് അമ്പലത്തിന്റെ പരിസരത്തായിരുന്നു. അവിടെ കുറ്റിക്കാട്ടില്‍ പകല്‍ താവളമടിച്ച പുലി രാത്രിയില്‍ ഇരതേടിയിറങ്ങി. ഇതു വെളുപ്പാന്‍കാലത്ത് ഉറക്കമുണര്‍ന്ന ഒരു സ്ത്രീയുടെ കണ്ണില്‍പ്പെട്ടു. ആ സ്ത്രീ ഭയന്ന് ഉറക്കെ കരഞ്ഞു. ഒച്ചകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സ്ത്രീകണ്ടകാര്യം പറഞ്ഞതോടെ വന്നവര്‍ക്കും ഭയമായി. അങ്ങിനെ പുലിപ്പേടിയുമായി കുമരകം നിവാസികള്‍ കഴിച്ചുകൂട്ടുമ്പോള്‍ ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഇംഗഌഷ് സ്കൂളില്‍ പുലി ഒളിച്ചതായി വിവരം ലഭിച്ചു. അവസാനം നാട്ടുകാര്‍ അതിനെ വെടിവച്ച് കൊല്ലാന്‍ തീരുമാനിച്ചു. കുമരകത്ത് അന്ന് തോക്കുള്ളത് കരിയില്‍ സായിപ്പിനും ഇല്ലിക്കളത്തില്‍ എബ്രഹാം ജോണിനുമാണ്. വിവരമറിഞ്ഞെത്തിയ എബ്രഹാം ജോണ്‍ പുലിയെ വെടിവച്ചുകൊന്നു. ഇതോടെ നാട്ടുകാര്‍ ആശ്വാസത്തിലായി. ഇക്കഥയ്ക്കൊപ്പം ഒരു കൈക്കൂലിക്കഥയും നര്‍മ്മത്തില്‍ പൊതിഞ്ഞ് ഇള്ളപ്പന് പറയും. പ്രജകളെ ക്രൂരമൃഗത്തില്‍ നിന്ന് രക്ഷിച്ച എബ്രഹാം ജോണിന് മഹാരാജാവ് പാരിതോഷികമായി 75 രൂപ നല്കാന് ഉത്തരവിട്ടു. തുക കൈപ്പറ്റാന്‍ ഉത്തരവുമായി കോട്ടയം ഡിവിഷന് പേഷ്ക്കാരെ കാണാനെത്തിയ എബ്രഹാം ജോണ്‍ രാജാവ് നല്കിയ 75 രൂപയായ പാരിതോഷികം പേഷ്കാര്‍ക്ക് കൈക്കൂലിയായി നല്കി രക്ഷപ്പെടേണ്ടി വന്നു. ഇത് പറയുമ്പോള്‍ ഇള്ളപ്പന് ചിരിക്കുന്നത് അന്നത്തെ കൈക്കൂലി കഥയോര്‍ത്തോ ഇന്നത്തെ ഭരണകര്‍ത്താക്കളുടെ കൈക്കൂലി കഥയോര്‍ത്തോയെന്ന് കേള്‍വിക്കാര്‍ക്ക് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: