ചെന്നൈ: പ്രളയം വന്‍നാശം വിതച്ച തമിഴ്നാട്, പ്രത്യേകിച്ച് ചെന്നൈ മഹാനഗരം പതുക്കെ പതുക്കെ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു. വെള്ളം പലയിടത്തുനിന്നു ഇറങ്ങിത്തുടങ്ങി. അതോടെ അഴുകിയ ജീവികളുടേയും ജൈവാവശിഷ്ടങ്ങളുടേയും അസഹ്യമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.
ശുദ്ധജലക്ഷാമവും ചീഞ്ഞഴുകിയ ജൈവാവശിഷ്ടങ്ങളും ചേര്‍ന്ന് ജനജീവിതം അസഹനീയമാക്കിയിട്ടുണ്ട്. ഇവ കാരണം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും കനത്തു. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയുമുണ്ട്.
ഭക്ഷണത്തിനും വെള്ളം, മരുന്നുകള്‍, പാല് എന്നിവയ്ക്കും കടുത്ത ക്ഷാമമാണ്. കോടമ്പാക്കം. ടീ നഗര്‍, അഡയാര്‍, താംബരം അടക്കം ചില സ്ഥലങ്ങളില്‍ ഇന്നലെ രാവിലെയും നേരിയ തോതില്‍ മഴ പെയ്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
ചില സ്ഥലങ്ങളില്‍ റോഡുകളിലെ തടസങ്ങള്‍ നീക്കി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. വാര്‍ത്താ വിനിമയ സൗകര്യങ്ങളും ട്രെയിന്‍ സര്‍വ്വീസുകളും ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ വെള്ളം ഇറങ്ങി. ഇന്നലെ വൈകിട്ടോടെ വിമാനത്താവളം തുറന്നു. ഇവിടെ കുടുങ്ങിപ്പോയ 22 വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതി നല്കി. അവയില്‍ നാലെണ്ണം ഇന്നലെ രാവിലെ ഇവിടെ നിന്ന് പറന്നുയര്‍ന്നു.എന്നാല്‍ പതിവുപോലെയുള്ള സര്‍വ്വീസുകള്‍ക്ക് ഏതാനും ദിവസങ്ങള്‍ കൂടിയെടുത്തേക്കും. പുറത്തേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ എഗ്മൂര്‍, താംബരം അടക്കമുള്ള ചില പ്രാദേശിക റൂട്ടുകളില്‍ ചില ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. പന്നാല്‍ വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും പുനസ്ഥാപിക്കാനായിട്ടില്ല.
പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.ജനലക്ഷങ്ങളാണ് ഭവനരഹിതരായിരിക്കുന്നത്.എടിഎമ്മുകള്‍ക്കു മുന്നിലും പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ്. ഞായറാഴ്ചയാണെങ്കിലും ഇന്ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നര ലക്ഷത്തിലേറെപ്പേരെയാണ് സൈന്യവും പോലീസും ദുരന്തനിവാണ സേനയും ചേര്‍ന്ന് രക്ഷിച്ചതെന്ന് ചീഫ് സെക്രട്ടറി കെ.ഗണദേശികന്‍ പറഞ്ഞു. പതിനാറായിരം പേരെയാണ് തങ്ങള്‍ രക്ഷിച്ചതെന്ന് ദുരന്തനിവാരണ സനേ ഡയറക്ടര്‍ ഒപി സിംഗ് അറിയിച്ചു. 200 ബോട്ടുകളില്‍ 50 സംഘങ്ങളാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്, അദ്ദേഹം തുടര്‍ന്നു.
ഡിസംബര്‍ എട്ടുവരെ ബസ് യാത്ര സര്‍ക്കാര്‍ സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 77 ട്രക്കുകളില്‍ പെട്രോളും ഡീസലും എത്തിച്ചിട്ടുണ്ട്.
പ്രമുഖര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രമുഖ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു.രജനീകാന്ത്, സൂര്യ, ധനുഷ്,മഹേഷ് ബാബു എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
ചെന്നൈ പ്രളയം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2ലക്ഷം
ന്യൂദല്‍ഹി: ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക വിതരണം ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചെന്നൈ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങി
ന്യൂദല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ നാലു ചരക്കു വിമാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ വിമാനങ്ങളും ഇവിടെ നിന്നും സര്‍വ്വീസ് നടത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
ദല്‍ഹി, മുംബൈ, പോര്‍ട്ട് ബ്ലയര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് വിമാനങ്ങളാണ് ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. റണ്‍വേയും ടാക്സി വേയും വെള്ളപ്പൊക്കത്തില്‍ നിന്നും മോചിതമായിട്ടുണ്ട്. വിമാനത്താവളത്തിലെ മറ്റു സാങ്കേതിക ഉപകരണങ്ങളുടെ തകരാറുകള്‍ പരിഹരിച്ച ശേഷം യാത്രാവിമാനങ്ങളുടെ സര്‍വ്വീസും പുനരാരംഭിക്കും. രണ്ടു ദിവസത്തിനുള്ളില്‍ പഴയ സ്ഥിതിയിലെത്തിച്ചേരാമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: