കോഴിക്കോട്: ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസില്‍ എച്ച്എസ്എസിന്റെ അനുമോള്‍തമ്പിയുടെ സ്വര്‍ണ്ണത്തിന് പത്തരമാറ്റ് തിളക്കം. എന്നാല്‍ മെഡലുകള്‍ സൂക്ഷിക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതിന്റെ സങ്കടത്തിലാണ് ഇൗ മിന്നുംതാരം. ചില സംഘടനകള്‍ ട്രാക്കിലെ മിന്നല്‍ പ്രകടനം കണ്ട് വീടുവച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അനുമോള്‍ പറയുന്നു.
പിതാവിന്റെ സംരക്ഷയിലല്ലാതെ വളര്‍ന്ന അനുമോളെ അമ്മ സ്‌കൂളില്‍ കഞ്ഞിവച്ചും 17-ാം വയസ്സില്‍ സാമ്പത്തിക‘ാരം കാരണം പഠിത്തം ഉപേക്ഷിച്ച് ടൈല്‍സിന്റെ പണിക്കിറങ്ങിയ ചേട്ടനും ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് വളര്‍ത്തുന്നത്.
ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് കളത്തില്‍ വീട്ടില്‍ ഷൈനിയാണ് അനുമോളുടെ അമ്മ. സഹോദരന്‍ ബേസില്‍.
കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍സില്‍ സ്വര്‍ണ്ണവും യുത്ത് നാഷണല്‍സില്‍ വെള്ളിയും ജൂനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ അനുമോള്‍ തമ്പി ദോഹയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടിയിട്ടുണ്ട്.
















