ന്യൂദല്‍ഹി:പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കുന്ന ഏഷ്യന്‍ സുരക്ഷാ സമ്മേളനത്തില്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പങ്കെടുക്കും. ഡിസംബര്‍ 8ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇരുവരും പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും.
പാരീസില്‍ കാലാവസ്ഥ ഉച്ചകോടിക്കിടെ ഭാരത-പാക് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിതല സംഘം പാക്കിസ്ഥാനിലെത്തുന്നത്. 28 രാഷ്‌ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇസ്ലാമാബാദ് സമ്മേളനം അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഭാരതത്തിന്റെ പുതിയ നയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.
കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ. സിങിനെ ഇസ്ലാമാബാദ് സമ്മേളനത്തിന് അയക്കുന്നതിനായാണ് ആദ്യം തീരുമാനിച്ചതെങ്കിലും പാരീസില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് വിദേശകാര്യമന്ത്രി നേരിട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. സമ്മേളനത്തിലേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്കിസ്ഥാന്‍ ഔദ്യോഗിക ക്ഷണവും നല്‍കി.
അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് നടക്കുന്ന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയോ പ്രതിനിധികളെ പങ്കെടുപ്പിക്കുകയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലാത്തതും വിദേശകാര്യമന്ത്രിയെ തന്നെ നേരിട്ടയക്കാന്‍ കാരണമായി. ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പാക് വിദേശകാര്യമന്ത്രി അസാസ് അഹമ്മദ് ചൗധരിയുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. റഷ്യയിലെ ഉഫയില്‍ ഇരു പ്രധാനമന്ത്രിമാരും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിദേശസെക്രട്ടറി തല കൂടിക്കാഴ്ചയില്‍ കാശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും.
















