ന്യുദല്‍ഹി : പാക് ചാരസംഘനയായ ഐഎസ്‌ഐയ്‌ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തില്‍ കാര്‍ഗില്‍ ജവാനെ അറസ്റ്റ് ചെയ്തു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുനാവാര്‍ അഹ്മദ് മിര്‍ എന്നയാളാണ് ദല്‍ഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 1995ലാണ് മിര്‍ കരസേനയില്‍ പ്രവേശിക്കുന്നത്. 2011ല്‍ ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററി രാഷ്‌ട്രീയ സേനാ റൈഫിള്‍ ബറ്റാലിയനില്‍ നിന്നായിരുന്നു വിരമിക്കല്‍.
സൈന്യത്തിന്റെ വിവരങ്ങള്‍ ഐഎസ്‌ഐയ്‌ക്ക് മിര്‍ ചോര്‍ത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ രജൗരി ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി ദല്‍ഹിയില്‍ എത്തിച്ചിരിക്കുകയാണ്. അതേസമയം ഐഎസ്‌ഐയ്‌ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നത് തെറ്റിദ്ധാരണയാണെന്ന് മിര്‍ പറഞ്ഞു.
















