അമൃത്‌സര്‍:പഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ വേരറുത്ത പോലീസ് ഡിജിപിയായിരുന്ന കെ.പി.എസ്. ഗില്‍ പറയുന്നു; മനുഷ്യാവകാശത്തിനു വാദിക്കുന്നവര്‍ പലരും ഭീകരതയെ പിന്തുണയ്‌ക്കുകയും സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന്.
1980 കളിലും 90 കളുടെ ആദ്യ പകുതിയിലും പഞ്ചാബ് ഭീകരവാദത്തിന്റെ പിടിയിലായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒരു ഘട്ടത്തില്‍ ആ സംസ്ഥാനം ഭാരതത്തിന് കൈവിട്ടുപോകുമോ എന്നുപോലും ഭയന്നു. എന്നാല്‍, ഉരുക്കുമുഷ്ടിയും മികച്ച തന്ത്രവും കൊണ്ട് ഖാലിസ്ഥാന്‍ തീവ്രവാദത്തെ ഇല്ലായ്‌മ ചെയ്ത ഗില്‍ ഏറെ വിമര്‍ശനം അന്ന് നേരിട്ടെങ്കിലും ഒരു സംസ്ഥാനത്തെ തിരികെ സാധാരണനിലയിലേക്കുകൊണ്ടുവന്നതിന്റെ നേട്ടം അവകാശപ്പെടാനാവുന്നത് അദ്ദേഹത്തിനാണ്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗില്‍ പറയുന്നു, ഖാലിസ്ഥാന്‍ അനുകൂലികള്‍ പഞ്ചാബ് വിട്ടു. വിദേശരാജ്യങ്ങളിലേക്കു പോയി. അവര്‍ക്ക് ഇന്ന് പഞ്ചാബില്‍ ഒരു പ്രസക്തിയും പിന്തുണയുമില്ല. അവര്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, പക്ഷേ വമ്പിച്ച തോല്‍വിയാണുണ്ടായത്. കര്‍ക്കശ നടപടി കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ അതുതന്നെവേണമെന്നു പറയുന്ന ഗില്‍ ഭീകരതയെ അടിച്ചൊതുക്കാന്‍ കൈക്കൊണ്ട സമീപനത്തെക്കുറിച്ചു വിശദീകരിച്ചു: ഞാന്‍ അക്കാലത്ത് പോലീസിന്റെ ആയുധ സംഭരണ ശാലയില്‍ പോയി.
അവിടെ ലൈറ്റ് മെഷീന്‍ ഗണുകള്‍ കവര്‍ പൊട്ടിക്കാതെ കിടക്കുന്നു. ഉപയോഗിച്ചിട്ടേ ഇല്ല. അവ ഉപയോഗിക്കാന്‍ പാടില്ലെന്ന് ത്രിപുര കേഡറിലുള്ള ഒരു ജോയിന്റ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരിക്കുന്നു. പോലീസ് ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പോലീസ് ആള്‍ക്കൂട്ടത്തെ വെടിവെക്കുമെന്നായിരുന്നു വാദം. ഞാന്‍ പറഞ്ഞു, തോക്ക് ഭീകരര്‍ക്കെതിരെ ഞാനുപയോഗിക്കുള്ളുവെന്ന്. അവര്‍ വഴങ്ങിയില്ല. ഞാന്‍ പറഞ്ഞു, നിങ്ങള്‍ തന്നില്ലെങ്കില്‍ ഞാന്‍ കള്ളക്കച്ചവടക്കാരില്‍നിന്ന് വാങ്ങുമെന്ന്. അവര്‍ ഒടുവില്‍ തോക്കു തന്നു.
അക്കാലത്തെ ഒട്ടേറെ പോലീസുദ്യോഗസ്ഥര്‍ നിരപരാധികളെ കൊന്നുവെന്ന കേസില്‍ നിയമനടപടി നേരിട്ടതിനെക്കുറിച്ച് ഗില്‍ വിശദീകരിക്കുന്നു: അതു പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെന്നു പറയുന്നവരാണ്.
എനിക്ക് അക്കൂട്ടരോട് വിയോജിപ്പൊന്നുമില്ല, അവര്‍ കുറച്ചുകൂടി സന്തുലിതവും ന്യായവുമായ നിലപാടെടുത്താല്‍ ആരും അവരോടു യോജിച്ചേക്കാം. പക്ഷേ, അവര്‍ക്കുള്ളത് ഭീകരരോട് പക്ഷപാതപരമായ നിലപാടാണ്, അവരെ പിന്തുണയ്‌ക്കുകയാണ്. ഞാന്‍ ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നു. ചിലര്‍ പഞ്ചാബില്‍ പ്രസ് സെന്‍സര്‍ഷിപ്പ് വേണമെന്ന് വാദിച്ചപ്പോള്‍ അതിനെ എതിര്‍ത്തയാളാണ് ഞാന്‍.
പഞ്ചാബിലെ മയക്കുമരുന്നു വ്യാപാരത്തിനുപിന്നില്‍ പോലീസ്-രാഷ്‌ട്രീയ നേതൃത്വ ബന്ധം ഉണ്ടെന്നുള്ള ആക്ഷേപത്തെക്കുറിച്ച് ഗില്‍ പറഞ്ഞു: മയക്കുമരുന്ന് ആഗോള പ്രശ്‌നമാണ്.
















