ന്യൂദല്‍ഹി: ദല്‍ഹി എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം കൂടുതലാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശമ്പളം കൂട്ടിക്കോട്ടെയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ദല്‍ഹി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഒരു കൂടിയാലോചനയും ഇല്ലാതെ 400 ശതമാനം കൂട്ടിയതിന് എതിരെയുള്ള പ്രതിഷേധങ്ങളോടും രോഷപ്രകടനങ്ങളോടും പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍.
ശമ്പളം നാലുമടങ്ങ് കൂട്ടിയതോടെ കേജ്‌രിവാളിന് 3.1 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. ദല്‍ഹി എംഎല്‍എമാര്‍ക്കുപോലും 2.1 ലക്ഷം രൂപ ശമ്പളം കിട്ടും.പ്രധാനമന്ത്രിക്കുപോലും ഒന്നര ലക്ഷം രൂപയേയുള്ളു ശമ്പളമുള്ളൂവെന്നിരിക്കെയാണ് കേജ്‌രിവാള്‍ എംഎല്‍എമാരുടെ ശമ്പളം 2.1 ലക്ഷമാക്കിയത്.
എന്റെ ശമ്പളം പ്രധാനമന്ത്രിയുടേതിനേക്കാള്‍ കൂടുതലാണെങ്കില്‍ അത് അനീതിയാണ്. അതിനാല്‍ പ്രധാനമന്ത്രിയും ശമ്പളം കൂട്ടട്ടെ. ഇത്രയും കുറച്ചു പണംകൊണ്ട് പ്രധാനമന്ത്രി എങ്ങനെ കാര്യങ്ങള്‍ ഓടിക്കും. കേജ്‌രിവാള്‍ ചോദിക്കുന്നു. മറ്റു പാര്‍ട്ടിക്കാരെപ്പോലെ ആപ്പ് എംഎല്‍എമാര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുന്നില്ല. അതിനാല്‍ അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഒരു മാസം കിട്ടുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് ടിവി അവതാരകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത്, ശമ്പളവര്‍ദ്ധനയെ എതിര്‍ക്കുന്ന പത്രക്കാരോടായി കേജ്‌രിവാള്‍ പറഞ്ഞു.
എംഎല്‍എയ്‌ക്ക് നിലവില്‍ ലഭിക്കുന്നത് വെറും 12000 രൂപയാണ്. അത് ഞങ്ങള്‍ അന്‍പതിനായിരമാക്കി. മണ്ഡല അലവന്‍സായി അരലക്ഷവും അനുവദിച്ചു.അങ്ങനെ ഒരു ലക്ഷം. മറ്റ് അലവന്‍സുകള്‍ ശരിക്കുമുള്ള ചെലവുകളാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, ഇന്ധനച്ചെലവ് അങ്ങനെ. എംഎല്‍എമാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പണം വേണ്ടേ, കേജ്‌രിവാള്‍ ചോദിക്കുന്നു.
















