ന്യൂദല്‍ഹി: രാജ്യത്തെ വനപ്രദേശത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. 4,955 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശത്തുകൂടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വനമേഖല വ്യാപിച്ചു. 2013-നും 15-ല്‍ പുറത്തുവിട്ട ഭാരത വനസര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം. റിപ്പോര്‍ട്ട് ഇന്നലെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്തു.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന. അവിടെ 2,501 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശത്ത് വനം കൂടി. വനസംരക്ഷണമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊട്ടു പിന്നില്‍ കേരളമാണ്. കേരളത്തില്‍ 1,317 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശത്ത് വനം വര്‍ദ്ധിച്ചു. എന്നാല്‍, ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള തോട്ടങ്ങളുടെ വികസനം മൂലമാണെന്നതാണ് പ്രത്യേകത. ജമ്മു കശ്മീരില്‍ 450 ചതുരശ്ര കിലോ മീറ്റര്‍ വനം കൂടി. കര്‍ണാടകത്തില്‍ 289, യുപിയില്‍ 112 എന്നിങ്ങനെ ചതുരശ്ര കിലോ മീറ്റര്‍ പ്രദേശത്ത് വനം വര്‍ദ്ധിച്ചപ്പോള്‍ മറ്റു 13 സംസ്ഥാനങ്ങളിലുംകൂടി 275 ചതുരശ്ര കിലോ മീറ്റര്‍ വനമേ കൂടിയിട്ടുള്ളു.
















