ന്യൂദല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ അന്വേഷണം തുടരാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. ടൈറ്റ്‌ലറെ ഒഴിവാക്കി സമര്‍പ്പിച്ച സിബിഐയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി കോണ്‍ഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.
2014 ഡിസംബര്‍ 24നാണ് കേസില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മൂന്നാമത്തെ റിപ്പോര്‍ട്ട് സിബിഐ കോടതി മുമ്പാകെ ഫയല്‍ ചെയ്തത്. ഇതിന് മുമ്പ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടുകളും കോടതി തള്ളിയിരുന്നു. 1984 നവംബര്‍ ഒന്നിന് വടക്കന്‍ ദല്‍ഹിയിലെ പുല്‍ബംഗാ ഗുരുദ്വാരയ്‌ക്ക് നേരേ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് ടൈറ്റ്‌ലര്‍ക്കെതിരെ പരാതിയുള്ളത്. കലാപത്തില്‍ കൊല്ലപ്പെട്ട ബാദല്‍സിങിന്റെ ഭാര്യ ലക്‌വീന്ദര്‍ കൗറാണ് പരാതിക്കാരി.
സിബിഐ പ്രോസിക്യൂട്ടറുടേയും പരാതിക്കാരിയുടേയും വാദം പരിഗണിക്കാന്‍ ഒക്‌ടോബര്‍ 30ന് കേസ് മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 10ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ലക്‌വീന്ദര്‍ കൗര്‍ സമയം നീട്ടി ചോദിച്ചു. നവംബര്‍ 17ന് കേസ് പരിഗണിക്കുമ്പോള്‍ കൗറിന്റെ പരാതി പരിശോധിച്ചെന്നും കേസ് വീണ്ടും അന്വേഷിക്കാമെന്നും സിബിഐ നിലപാട് അറിയിച്ചു.
കേസിലെ സാക്ഷികളെ ഹാജരാക്കാമെന്ന കൗറിന്റെ നിലപാട് അംഗീകരിച്ച സിബിഐ സാക്ഷികളെ ലഭിച്ചാല്‍ കേസ് മുന്നോട്ടു പോകുമെന്നും അറിയിച്ചു. കേസിലെ സാക്ഷികളെ കോടതി മുമ്പാകെ ഹാജരാക്കുമെന്ന് ശിരോമണി അകാലിദളും വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളെല്ലാം അംഗീകരിച്ച അഡീഷണല്‍ ചീഫ് മെട്രോപോളീറ്റന്‍ കോടതി ടൈറ്റ്‌ലര്‍ക്കെതിരെ അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു.
















