ചെന്നൈ: ദുരിതം വിതച്ച മഴക്ക് 12 മണിക്കൂർ നേരത്തെ ചെറിയ ശമനം ഉണ്ടായെങ്കിലും ചെന്നൈയിൽ വീണ്ടും മഴതുടങ്ങി. ഇപ്പോഴത്തെ മഴ രക്ഷാപ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ പുതുച്ചേരിയിലെയും കാഞ്ചീപുരത്തെയും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടു-മൂന്ന് ദിവസങ്ങൾകൂടി ചെറിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. ഇതിനിടയിൽ ചമ്പാരംപക്കം തടാകത്തിൽ നിന്നും 5000 ക്യുബിക്കടി വെള്ളം തുറന്ന് വിട്ടിരിക്കുകയാണ്.
ചെന്നൈയിലെ വിവിധഭാഗങ്ങളിൽ ജലനിരപ്പ് പതുക്കെ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. വ്യോമ,റെയിൽ, റോഡ് ഗതാഗത സർവ്വീസുകൾ ഇന്നലെയും മുടങ്ങി. കരസേന മേധാവി ജനറൽ ദൽബീർ സിങ് ചെന്നൈയിലെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി.
പ്രളയത്തെത്തുടർന്ന് അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ക്ഷാമത്തെത്തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വില വാണം പോലെ ഉയർന്നിരിക്കുകയാണ്. മരുന്നുകളും പാലും വെള്ളവും പച്ചക്കറികളുമൊന്നും കിട്ടാനില്ല. ചെന്നൈയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി റെയിൽവേ പ്രത്യേക സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ നേവൽ എയർ ബേസിൽ നിന്നും ചുരുക്കം വിമാന സർവ്വീസുകളും നടത്തി.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 269 പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേർ ഭവനരഹിതരായി. ദുരിതാശ്വാസ സാമഗ്രികളുമായി നേവിയുടെ ഐഎൻഎസ് ഐരാവത് ചെന്നൈയിൽ എത്തിയിട്ടുണ്ട്. ചെന്നൈ, കടലൂർ, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.64 ലക്ഷം ജനങ്ങളാണുള്ളത്.
കരസേനയുടെ 40 സംഘവും 12 ബോട്ടുകളുമായി നേവിയുടെ ആറ് സംഘവും അടിയന്തര രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 1200 ദുരന്ത നിവാരണസേനാംഗങ്ങളും 100 ബോട്ടുകളും 200 മുങ്ങൽ വിദഗ്ധരും വെള്ളപ്പൊക്കമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പാട്‌ന,ഗുവാഹതി,പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും എൻഡിആർഎഫ് സംഘങ്ങൾ എത്തിയിട്ടുള്ളതായി ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു.
















