പൊന്‍കുന്നം: പിരിയാന്‍ ഉറച്ച മൂന്ന് ദമ്പതികള്‍ക്ക് ഒരുമിക്കാന്‍ വേദിയായായി പൊന്‍കുന്നത്തെ അദാലത്ത്. 76 കേസുകളാണ് പരിഗണനയ്‌ക്ക് വന്നത്. ഇവയില്‍ 56 എണ്ണം പരിഹരിച്ചു.
വിവാഹ മോചനത്തിന്റെ വക്കോളമെത്തിയ കുടുംബവഴക്കുകള്‍ പരിഹരിച്ച് വനിതാ കമ്മീഷന്റെ അദാലത്ത്. 12 പരാതികള്‍ തീര്‍പ്പിനായി പോലീസിന് കൈമാറി. 8 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അതിര്‍ത്തി തര്‍ക്കം, കുടുംബപ്രശ്‌നങ്ങള്‍, ഭാര്യാ ഭര്‍ത്തൃതര്‍ക്കം തുടങ്ങി വിവിധ കേസുകളാണ് പരിഗണിക്കപ്പെട്ടത്. ഭര്‍ത്താവ് മരിച്ച 23കാരിയും ഭര്‍തൃവീട്ടുകാരും തമ്മിലുള്ള കലഹം പരിഹരിച്ചതും അദാലത്തിലെ നേട്ടമായി. കൈക്കുഞ്ഞുമായി ഒറ്റക്കായിരുന്ന യുവതിയെ ഭര്‍ത്തൃമാതാവ് മനം മാറി കണ്ണീരോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതിനും അദാലത്ത് വേദിയായി. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവിയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത് നടന്നത്.
















