പെരിന്തല്‍മണ്ണ: സ്പിന്നര്‍മാരെ അകമഴിഞ്ഞു പിന്തുണയ്‌ക്കുന്ന പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ വീണ്ടും വിക്കറ്റ് മഴ. ഇന്നലെ ആരംഭിച്ച കേരള-ഹിമാചല്‍പ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ദിവസം നിലം പൊത്തിയത് 20 വിക്കറ്റുകള്‍. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ കേരളം 103 റണ്‍സ് ഓള്‍ ഒൗട്ടായപ്പോള്‍ ഹിമാചല്‍പ്രദേശ് 163 റണ്‍സിന് പുറത്തായി. എങ്കിലും ഒന്നാം ഇന്നിങ്‌സില്‍ നിര്‍ണായകമായ 60 റണ്‍സിന്റെ നിര്‍ണായക ലീഡ് ഹിമാചല്‍ സ്വന്തമാക്കി. ഇതോടെ മത്സരം സ്വന്തമാക്കാന്‍ കേരളത്തിന് ഭഗീരഥ പ്രയത്‌നം വേണ്ടിവരുമെന്ന് ഉറപ്പായി. ആദ്യ ദിനം രണ്ട് ടീമുകളും കൂടി ആകെ കളിച്ചത് 78.3 ഓവര്‍ മാത്രം.
മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്ന കേരളത്തിനെന്റ ആദ്യ ഇന്നിംഗ്‌സ് രാഹുല്‍ സിങും റിഷി ധവാനും ചേര്‍ന്നാണ് 103-ല്‍ അവസാനിപ്പിച്ചത്. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു വി. സാംസണാണ് കേരള ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. രാഹുല്‍ ആറ് വിക്കറ്റുകള്‍ പിഴുതപ്പോള്‍ മൂന്നെണ്ണം റിഷി ധവാന്‍ സ്വന്തമാക്കി. കേരളത്തിന് വേണ്ടി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (15), മോനിഷ് കാരപ്പറമ്പില്‍ (16 നോട്ടൗട്ട്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓപ്പണര്‍ വി.എ. ജഗദീഷ് (8), രോഹന്‍ പ്രേം (8), സച്ചിന്‍ ബേബി (8), അക്ഷയ് ചന്ദ്രന്‍ (0), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (6), അക്ഷയ് കോടോത്ത് (6), ഫാബിദ് അഹമ്മദ് (0), സന്ദീപ് വാര്യര്‍ (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
19.4 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രാഹുല്‍ സിങ് ആറ് വിക്കറ്റുകള്‍ പിഴുതത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് രാഹുല്‍ ഇന്നലെ നടത്തിയത്. റിഷി ധവാന്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നെണ്ണം പിഴുതത്.
തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഹിമാചല്‍പ്രദേശിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അങ്കുഷ് ബെയ്ന്‍സും (23) പ്രശാന്ത് ചോപ്രയും (40) ചേര്‍ന്ന് നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് നേടി. എന്നാല്‍ ബെയ്ന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മോനിഷ് മടക്കിയതോടെ ഹിമാചലിന്റെ തകര്‍ച്ചയും തുടങ്ങി. സ്‌കോര്‍ 75-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത അങ്കിത് കല്‍സിയെ ഫബിദ് അഹമ്മദിന്റെ പന്തില്‍ അക്ഷയ് കോടോത്ത് പിടികൂടി. നാല് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഹിമാചല്‍ നിരയിലെ ടോപ്‌സ്‌കോറര്‍ പ്രശാന്ത് ചോപ്ര മോനിഷിന്റെ പന്തില്‍ കോടോത്തിന് ക്യാച്ച് നല്‍കി മടങ്ങി.
പിന്നീട് പരസ് ദോഗ്രയും (22) റോബിന്‍ ബിസ്തും (19) ചേര്‍ന്ന് സ്‌കോര്‍ 123-ല്‍ എത്തിച്ചു. എന്നാല്‍ ബിസ്തിനെ മോനിഷ് മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്‌കോര്‍ 151-ല്‍ എത്തിയപ്പോള്‍ ദോഗ്രയുടെ രൂപത്തില്‍ അഞ്ചാം വിക്കറ്റും നിലം പതിച്ചു. പിന്നീട് ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു കേരള ബൗളര്‍മാരുടെ ജോലി. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 12 റണ്‍സ് നേടുന്നതിനിടെ നിലംപൊത്തിയതോടെ 37.5 ഓവറില്‍ ഹിമാചല്‍ ഇന്നിങ്‌സ് 163 റണ്‍സിന് അവസാനിക്കുകയും ചെയ്തു.
അതേസമയം കേരള ബൗളര്‍മാര്‍ 30 റണ്‍സാണ് എക്‌സ്ട്രായായി ഹിമാചലിന് വിട്ടുനല്‍കിയത്. ഹിമാചല്‍ ഇന്നിംഗ്‌സിലെ രണ്ടാമത്തെ ടോപ് സ്‌കോറാണിത്. കേരളത്തിന് വേണ്ടി ഉജ്ജ്വല ഫോം തുടരുന്ന മോനിഷ് 60 റണ്‍സിനും ഫാബിദ് അഹമ്മദ് 12 റണ്‍സിനും മൂന്ന് വീതവും സന്ദീപ് വാര്യര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായ കേരളത്തിന് 25ഉം നാലാം സ്ഥാനത്തുള്ള ഹിമാചലിന് 24ഉം പോയിന്റാണുള്ളത്.
















