ന്യൂദല്‍ഹി: കേരളാ ഹൗസിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് സ്വീകരിച്ച നടപടികളെ അനുകൂലിച്ച് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. കേരളാ ഹൗസില്‍ പോലീസ് കയറിയത് ദുരുദ്യേശപരമല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോക്‌സഭയെ അറിയിച്ചു. ദല്‍ഹി പോലീസ് കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും ഒരു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവര ശേഖരണത്തിനായി മാത്രമാണ് പോലീസെത്തിയതെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
എംപിമാരായ അസദുദ്ദീന്‍ ഒവൈസി, കെ.വി തോമസ്, കെ.സി. വേണുഗോപാല്‍, പി.കെ ബിജു, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കേരളാ ഹൗസിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തോട് ചോദ്യങ്ങള്‍ ചോദിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പോലീസ് എത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യാതൊരുവിധത്തിലുമുള്ള നിയമലംഘനങ്ങളും ഇതിലില്ല. ഗൂഢലക്ഷ്യങ്ങളോടെയല്ല പോലീസ് കേരളാ ഹൗസില്‍ പ്രവേശിച്ചത്. പോലീസ് കംട്രോള്‍ റൂമില്‍ ലഭിച്ച പരാതി പ്രകാരമാണ് പോലീസെത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് രാജ്‌നാഥ്‌സിങ് ലോക്‌സഭയെ അറിയിച്ചു. കേരളാ ഹൗസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭവനുകള്‍ക്കെതിരായ പരാതികള്‍ ലഭിക്കുമ്പോള്‍ അവയെങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് ദല്‍ഹി പോലീസ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.
















