തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിച്ചു. ആറ് സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം എന്നീ നാല് സ്റ്റാന്റിങ് കമ്മറ്റികളിലേക്കും ഭൂരിപക്ഷമുള്ളതിനാല്‍ ഭരണ മുന്നണിയായ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചു. പൊതുമരാമത്ത്, വിദ്യാഭ്യാസ-കലാകായിക കമ്മറ്റിയിലേക്ക് ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു മത്സരം. ഇതില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് നല്‍കി ബിജെപിയെ തോല്‍പ്പിച്ചു. പൊതുമരാമത്ത് കമ്മറ്റിയിലേക്ക് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടന്ന മത്സരത്തില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് നല്‍കി ജയിപ്പിച്ചു. 49 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 25, ബിജെപി 13, യുഡിഎഫ് 11 എന്നിങ്ങനെയാണ് കക്ഷിനില. മുന്നണികളുടെ അവിശുദ്ധ കൂട്ട്‌കെട്ട് ഇല്ലായിരുന്നെങ്കില്‍ ബിജെപിക്ക് രണ്ട് സ്റ്റാന്റിംഗ് കമ്മറ്റി വരെ നേടാന്‍ സാധിക്കുമായിരുന്നു.
ബാര്‍ കോഴക്കേസില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ബാബുവിന്റെ നാട്ടില്‍ നടന്ന അവിശുദ്ധ സഖ്യം മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ തെളിവാണെന്നും ബാബുവിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാര്‍ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തിയ നീക്കം കോടിയേരി-ബാബു അവിശുദ്ധബന്ധത്തിന്റെ മുഖ്യ തെളിവാണെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സുനില്‍കുമാര്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി സംസ്ഥാന സമിതിയംഗം കെ.പി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ബാബുവിന്റെ മണ്ഡലത്തില്‍ നടന്ന ഈ ഒത്തുകളി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇപ്പോള്‍ ബാബുവിനെതിരെ സിപിഎം നടത്തുന്ന ബാര്‍ക്കോഴ സമരം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് വി.ആര്‍.വിജയകുമാര്‍, സെക്രട്ടറി കെ.വി.സുനില്‍കുമാര്‍, ട്രഷറര്‍ ടി.ആര്‍. പ്രഭാകരന്‍, ഏരിയ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി സന്തോഷ് ചാലിയത്ത്,വിവേക്, എന്നിവര്‍ സംസാരിച്ചു. തൃപ്പൂണിത്തുറയിലെ 13 ബിജെപി കൗണ്‍സിലര്‍മാരും പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
















