സി.ഡി ഗോപകുമാര്‍
അടിമാലി: പഞ്ചപാണ്ഡവര്‍ കാനന സഞ്ചാരത്തിനിടെ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് ക്ഷേത്രത്തിന് സമീപം ഭൂമാഫിയ പിടിമുറുക്കി. കുട്ടിക്കാനം-മുണ്ടക്കയം റോഡില്‍ മുറത്തപുഴ കണയങ്കവയല്‍ മേഖലയില്‍ പെരുവന്താനം പഞ്ചായത്തില്‍ പെടുന്ന പഞ്ചാലിമേട് പുണ്യപുരാതന ക്ഷേത്രസങ്കേതമാണ്. നൂറ്റാണ്ടുകളായി വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്ന തിരുശേഷിപ്പുകള്‍ നിരവധിയാണ്. വശ്യമനോഹരമായ പുല്‍മേട് ചരിത്രത്തില്‍ ഇടം നേടിയതോടെ ടൂറിസം രൂപത്തിലും അര്‍ഹമായ പ്രാതിനിധ്യം നേടികഴിഞ്ഞു. ക്ഷേത്രത്തിനു സമീപം 5 കിണറുകളും, പഞ്ചപാണ്ഡവന്മാര്‍ താമസിച്ചെന്ന് കരുതുന്ന ഗുഹകളുമുണ്ട്. കൂടാതെ ഉരല്‍ പോലുള്ള ഉപകരണങ്ങളും കാണാം.
ക്ഷേത്ര ഭൂമി ദേവസ്വം ബോര്‍ഡിനുകൂടി അധികാരപ്പെട്ടതാണ്. ശബരിമല ക്ഷേത്രത്തിന്റെ ഉപദൈവസ്ഥാന പദവിയില്‍ പെടുന്നതാണ് ഈ ദേവിക്ഷേത്രം. ദേവസ്വം ജീര്‍ണോദ്ധാരണ- പുനരുദ്ധാരണ പദ്ധതിയിപ്പെടുത്തി നിര്‍മ്മാണത്തിനായി ഇവിടം തെരഞ്ഞെടുത്തിട്ടുണ്ട്. കുമളി പുല്ലുമേട് കഴിഞ്ഞാല്‍ ഇടുക്കി ജില്ലയില്‍ മകരവിളക്ക് ദര്‍ശനം നടത്താവുന്ന മറ്റൊരു പണ്യസ്ഥലം കൂടിയാണ് പഞ്ചാലിമേട്.
റവന്യു രേഖകള്‍ വരെ ക്ഷത്രഭൂമിയെന്ന് പറയുന്ന പാഞ്ചാലിമേട് ക്ഷേത്രഭൂമിയില്‍ ആസൂത്രിത മതമാഫിയ കണയങ്കവയല്‍ കത്തോലിക്കാപള്ളിയുടെ നേതൃത്വത്തില്‍ മലയില്‍ കുരിശ് നാട്ടിയും കുരിശുമല കയറ്റം നടത്തിയും പിടിച്ചടക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാഷ്‌ട്രീയ മത നേതാക്കന്മാരാണ് ഇതിന് ചരട് വലിക്കുന്നത്. ഭൂരഹിത കേരളം പദ്ധതിയുടെ മറവില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനെന്ന വ്യാജേന ഇടത്-വലത് നേതാക്കന്‍മാര്‍ മതനേതാക്കള്‍ക്കൊപ്പം നിന്ന് ഹിന്ദുസമൂഹത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും
ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘടനകള്‍ നീക്കത്തെ എതിര്‍ക്കുകയും ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൈയ്യേറ്റ മതമാഫിയ താല്‍ക്കാലികമായി പിന്‍വാങ്ങി. എങ്കിലും കയ്യേറ്റത്തിന്റെ കരിനിഴലിലാണ് ഇപ്പോഴും പവിത്രമായ ഈ ചരിത്രസ്ഥലം.
















