പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ ഒന്നാം ഇന്നിങ്സില്‍ കേരളം 166ന് പുറത്ത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച സൗരാഷ്ട്രക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച കേരളത്തിന് ഒന്നാം ഇന്നിങ്സില്‍ മേല്‍ക്കൈ. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയിലാണ്.
നാല് വിക്കറ്റ് കയ്യിലിരിക്കെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ 112 റണ്‍സ് കൂടി അവര്‍ക്ക് വേണം. റണ്ണൊന്നുമെടുക്കാതെ സനന്ദിയയും അരങ്ങേറ്റക്കാരന്‍ സമര്‍ഥ് വ്യാസും ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ മോനിഷിന്റെയും രണ്ടെണ്ണം സ്വന്തമാക്കിയ രോഹന് പ്രേമിന്റെയും മികച്ച ബൗളിങാണ് കേരളത്തിന് മത്സരത്തില്‍ മുന്‍തൂക്കം നേടിക്കൊടുത്തത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ വി.എ. ജഗദീഷും (59) മുഹമ്മദ് അസ്ഹറുദ്ദീനും (14) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്കോര്‍ബോര്‍ഡില്‍ 52 റണ്‍സായപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീനെ മടക്കി ധര്‍മ്മേന്ദ്രസിങ് ജഡേജയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. രോഹന് പ്രേം (0), സച്ചിന് ബേബി (7), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (8) എന്നിവര്‍ വന്നതും പോയതും വേഗത്തിലായിരുന്നു.
അതിനുശേഷം 25 റണ്‍സെടുത്ത ഫാബിദ് അഹമ്മദാണ് സൗരാഷ്ട്ര ബൗളര്‍മാര്‍ക്കെതിരെ അല്പമെങ്കിലും പിടിച്ചുനിന്നത്. റോബര്‍ട്ട് ഫെര്‍ണാണ്ടസ് (12), കെ.എസ്. മോനിഷ് (12), അക്ഷയ് ചന്ദ്രന് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്. 20.2 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ധര്‍മ്മേന്ദ്രസിങ് ജഡേജയും 61 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ വന്ദിത് ജിവ്രജനിയുമാണ് കേരളത്തെ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്കെതിരെ കേരള ബൗളര്‍മാരും അരങ്ങുതകര്‍ത്തു. ഓപ്പണര്‍മാരായ മൊഹ്സിന്‍ ദോദിയ (23), അവി ബരോട്ട് (15), സാഗര്‍ ജോഗിയാനി (10) എന്നിവരെ പുറത്താക്കി മോനിഷാണ് സൗരാഷ്ട്രയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. പീന്നീട് ക്യാപ്റ്റന്‍ ജയദേവ് ഷാ (1), വന്ദിത് ജിവ്രജനി (1), ഷെല്‍ഡണ്‍ ജാക്സണ് (5) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെയാണ് സൗരാഷ്ട്ര ആറിന് 55 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞത്.
















